ന്യൂഡല്‍ഹി: സ്‌റ്റെര്‍ലിങ് ബയോടെക് സാമ്പത്തികത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി) വീണ്ടും ചോദ്യംചെയ്‌തു. അഹമ്മദ് പട്ടേലിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണു മൂന്നംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘം ചോദ്യംചെയ്‌തത്. ആദ്യഘട്ട ചോദ്യംചെയ്യലില്‍ അഹമ്മദ് പട്ടേല്‍ നല്‍കിയ മറുപടികള്‍ തൃപ്‌തികരമല്ലാത്തതിനാലാണു വീണ്ടും എത്തിയതെന്ന് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ആദ്യഘട്ടത്തില്‍ മൊഴികള്‍ രേഖപ്പെടുത്തിയത്. സ്‌റ്റെര്‍ലിങ് ബയോടെക് ഡയറക്‌ടര്‍മാരായ നിതില്‍ ജയന്തിലാല്‍ സന്ദേസര, ചേതന്‍കുമാര്‍ ജയന്തിലാല്‍ സന്ദേസര, ദീപ്‌തി സന്ദേസര എന്നിവര്‍ 14,500 കോടി രൂപയുടെ വായ്‌പ്പാത്തട്ടിപ്പ് നടത്തിയെന്നാണു കേസ്. മൂവരും നിലവില്‍ ഒളിവിലാണ്.
രത്നവ്യാപാരി നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ വായ്‌പ്പാത്തട്ടിപ്പിനേക്കാള്‍ വലിയ തട്ടിപ്പാണു സ്‌റ്റെര്‍ലിങ് നടത്തിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ തനിക്കു പുറത്തുപോകാന്‍ കഴിയാത്തതുകൊണ്ടാണ് ഇ.ഡി. ഉദ്യോഗസ്‌ഥര്‍ വീട്ടിലേക്ക് വന്നതെന്ന് എഴുപതുവയസുകാരനായ അഹമ്മദ് പട്ടേല്‍ പറഞ്ഞു.
Post Your Comments