Latest NewsNewsIndia

സാധാരണക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രം : വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് സഹായം കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കാനൊരുങ്ങുന്നു. അപകടങ്ങളില്‍ പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ  ചികിത്സകളുള്‍പ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.

Read Also : ഇന്ന് ഡോക്ഡേർസ് ഡേ: ലോകമെമ്പാടുമുള്ള ഡോക്ടർമാരോട് നന്ദി പറഞ്ഞു ലാലേട്ടൻ

അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകള്‍ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്.

കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി നിയമിക്കുക. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക.

രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് വിവരങ്ങള്‍. നിലവില്‍ രാജ്യത്തെ 21,000 ഓളം സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുക.

നിലവില്‍ രാജ്യത്ത് ഒരുവര്‍ഷം 1,50,000 ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് കണക്കുകള്‍. ഒരുദിവസം രാജ്യത്ത് 1,200 റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ടെന്നും അപകടങ്ങള്‍ മൂലം ദിനംപ്രതി 400 പേരോളം മരിക്കുന്നുവെന്നുമാണ് ഏകദേശ കണക്കുകള്‍.

പദ്ധതി നടത്തിപ്പിനായി പ്രത്യേക നിധി രൂപീകരിക്കും. പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷം പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ ഫണ്ടിലേക്ക് ഇന്‍ഷുറന്‍സ് കമ്ബനികളും വിഹിതം അടയ്ക്കും. ഇനി അപകടത്തില്‍ പെട്ട വാഹനം ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലെങ്കിലും ഈ സഹായം ലഭ്യമാകും.

വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button