കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സഹല്‍ ഹംസ കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഒളിവില്‍ കഴിഞ്ഞത് തട്ടിപ്പ് നടത്തി. ശിവമൊഗ്ഗയിലെ കാന്‍സര്‍ ചികിത്സാകേന്ദ്രത്തിലെ ബുക്കിങ് ടോക്കണ്‍ മറിച്ച് വിറ്റായിരുന്നു സഹലിന്റെ ജീവിതം. കേസിലെ പത്താംപ്രതിയായ സഹല്‍ ഒളിവില്‍ കഴിഞ്ഞ ശിവമൊഗ്ഗ, ബംഗളുരു, തമിഴ്‌നാട്ടിലെ ഏര്‍വാഡി, നാഗൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി പ്രത്യേക പോലീസ് സംഘത്തെ അയച്ചു.
ഇന്നലെ പോലീസ് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സഹലിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. സെപ്‌റ്റംബറില്‍ കേസിന്റെ വിസ്‌താരം തുടങ്ങുമെന്നാണു സൂചന. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും പോപ്പുലര്‍ ഫ്രണ്ടുകാരാണ് ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ കേന്ദ്രങ്ങളൊരുക്കി കൊടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷിമോഗയിലെ ക്ലിനിക്ക് പരിചയപ്പെടുത്തി കൊടുത്തതും ഇവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍നിന്ന് ഇവിടെ ചികിത്സയ്‌ക്കായെത്തുന്നവര്‍ക്കു ടോക്കണ്‍ വലിയ തുകയ്‌ക്ക് മറിച്ച് വിറ്റ് പണം സമ്പാദിക്കലായിരുന്നു സഹലിന്റെ പണി.
ഇതിനായി ക്ലിനിക്കില്‍നിന്നു സഹല്‍ മുന്‍കൂട്ടി ടോക്കണ്‍ വാങ്ങും. ടോക്കണ്‍ ലഭിക്കാത്തവര്‍ക്ക് ഇതു മറിച്ചുനല്‍കും. ഏട്ട് മാസത്തോളം ഈ തട്ടിപ്പുമായി ശിവമൊഗ്ഗയില്‍ തുടര്‍ന്നു. പിന്നീട് ഏര്‍വാഡി, നാഗൂര്‍, ബംഗളുരു എന്നിവിടങ്ങളിലും ഒളിവില്‍ കഴിഞ്ഞു. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഈസ്‌ഥലങ്ങളില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ് പ്രത്യേക സംഘത്തെ അയച്ചതെന്ന് എ.സി.പി: എസ്.ടി. സുരേഷ്‌കുമാര്‍ പറഞ്ഞു.
Post Your Comments