ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്ലിം സ്ത്രീകളെ ചൈന നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി പഠന റിപ്പോര്‍ട്ട്. വിഷയത്തില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്. ഉയ്ഗൂർ മുസ്ലിംകളെ പാർപ്പിക്കാൻ ചൈന തടങ്കൽ പാളയങ്ങൾ ഒരുക്കിയതായും അഞ്ചുലക്ഷം കുട്ടികളെ പ്രത്യേകം ബോർഡിങ് സ്കൂളുകളിലേക്ക് മാറ്റിയതായും നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പഠന റിപ്പോർട്ട്.
പടിഞ്ഞാറന്‍ സിന്‍ജ്യങ് പ്രവിശ്യയിലാണ് ഉയ്ഗൂര്‍ മുസ്ലിംകള് കൂടുതലായും അധിവസിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ രേഖകള്‍, നയപരിപാടികള്‍, ഉയ്ഗൂര്‍ വിഭാഗത്തിലെ സ്ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ ഗവേഷകനായ അഡ്രിയാന്‍ സെന്‍സാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉയിഗുര്‍ മുസ്ലിം സ്ത്രീകളെയും മറ്റു ചെറുന്യൂനപക്ഷങ്ങളെയും പ്രത്യേക ക്യാമ്പുകളിലെത്തിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിന് വിധേയമാക്കുന്നതും മറ്റും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്ത്രീകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുക,ആർത്തവം നിർത്തിക്കുന്നതിനായുള്ള ഇഞ്ചക്ഷൻ നൽകുക തുടങ്ങിയ ക്രൂരമായ നടപടികൾക്ക് വിധേയമാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സാംസ്കാരികവും ഇസ്ലാമികവുമായ വ്യക്തിത്വം ഇല്ലാതാക്കാനായി ബ്രെയിൻ വാഷിങ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളതായി ഉയിഗൂർ സന്നദ്ധപ്രവർത്തകർ പറയുന്നു. എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിക്ഷിപ്ത താൽപര്യത്തിനുവേണ്ടി തയാറാക്കിയതാണെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിൻെറ പ്രതികരണം.
Post Your Comments