ഗുരുവായൂര്‍: കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ക്ഷേത്രനടയിലെ വ്യാപാരികൾ. ഇവർക്ക് പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം സൗകര്യമൊരുക്കണമെന്ന് വ്യാപാര സംഘടനകളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേവസ്വം ഭരണസമിതിയോടാവശ്യപ്പെട്ടു.
ഭക്തര്‍ക്ക് പുറത്ത് നിന്ന് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടെങ്കിലും അത് രാവിലെ 9.30 വരെ മാത്രമാണ്. ഈ ദര്‍ശനസമയം ഉച്ചക്ക് 12.30 വരേയും രാത്രി എട്ടുവരേയും ആയി ദീര്പ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ലോക്ക് ഡൗണ്‍ ഇളവുവന്നതോടെ മറ്റു പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം സാധാരണ ഗതിയിലായി. എന്നാല്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാത്തതിനാല്‍ ക്ഷേത്രനടയിലെ 260 വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ട സാഹചര്യമാണ്.
ദര്‍ശന സമയം ദീര്‍ഘിപ്പിച്ചാല്‍ ഭക്തര്‍ ക്ഷേത്രനടയിലേക്കെത്തുകയും വ്യാപാരികള്‍ക്കും അനുകൂല സ്ഥിതി ഉണ്ടാകുമെന്നാണ് വ്യാപാര സംഘടനകള്‍ പറയുന്നത്. നിയന്ത്രണങ്ങളോടെ വിവാഹങ്ങള്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ മൂന്നു മാസമായി ക്ഷേത്രനടയിലെ വ്യാപാര സ്ഥാപനങ്ങളും ലോഡ്ജുകളും അടച്ചിട്ടിരിക്കുകയാണ്.
തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു കുടുംബങ്ങളാണ് ഉപജീവനത്തിനായി ബുദ്ധിമുട്ടുന്നത്. വ്യാപാരികളുടെ സംയുക്ത യോഗത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി.എന്‍. മുരളി, ലോഡ്ജ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി.കെ. പ്രകാശന്, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്, കെഎച്ച്ആര്‍എ സെക്രട്ടറി സി. ബിജുലാല്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സി.ഡി. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments