ന്യൂഡല്‍ഹി: ഏറ്റവും വരുമാനമുള്ള ചൈനീസ് ആപ്പുകള്‍ക്കെല്ലാം മുട്ടന്‍ പണി കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. ചൈനയുടെ പ്രധാന ആപ്പുകളായ വീ ചാറ്റ്, ടിക് ടോക്, യു.സി ബ്രൗസര്‍ എന്നിവ ചൈനയുടെ ഏറ്റവും വരുമാനവും പ്രചാരവുമുള്ള ആപ്പുകളാണെന്ന് മാത്രമല്ല, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഏറ്റവും കൂടുതലായി ചോര്‍ത്തുന്ന കാര്യത്തിലും ഈ ആപ്പുകള്‍ മുന്‍പില്‍ തന്നെയാണ്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പരമാധികാരത്തിനും, പൊതു വ്യവസ്ഥയ്ക്കും ഭീഷണിയാകുന്നു എന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ശക്തമായ തീരുമാനം കൈക്കൊണ്ടത്. ഇതാദ്യമായാണ് ഇന്ത്യ ചൈനീസ് കമ്പനികള്‍ക്കെതിരെ ഇത്രയും ശക്തവും പരസ്യവുമായി ഒരു നടപടി കൈക്കൊള്ളുന്നത്. ഐ.ടി ആക്ടിലെ 69 എ അനുച്ഛേദം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ ഈ നീക്കം നടത്തിയിരിക്കുന്നത്.
‘ഡാറ്റാ സുരക്ഷ സംബന്ധിച്ചും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംബന്ധിച്ചും കാര്യമായ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംബന്ധിച്ചും ഇത്തരത്തിലുള്ള ആശങ്കകള്‍ നിലനിനിന്നിരുന്നു. ആന്‍ഡ്രോയ്‌ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ കൂടി ലഭിച്ചിരുന്ന ഏതാനും ആപ്പുകള്‍ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യത്തിന് പുറത്തുള്ള സര്‍വറുകളിലേക്ക് അയക്കുന്നതായുള്ള പരാതികളും ലഭിച്ചിരുന്നു.’ഐ.ടി മന്ത്രാലയം വ്യക്തമാക്കുന്നു.
2015 മുതല്‍ 19 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് ആലിബാബ, ടെന്‍സെന്റ്, ടി.ആര്‍ ക്യാപിറ്റല്‍, ഹില്‍ഹൗസ് ക്യാപിറ്റല്‍, എന്നീ ചൈനീസ് കമ്ബനികള്‍ 5.5 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ‘ഇത്തരത്തിലുള്ള ഡാറ്റ ശേഖരിക്കുന്നതും അത് പ്രോസസ് ചെയ്യുന്നതും ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശക്തികളാണ്. ഇത് വന്‍ ആശങ്കയ്ക്ക് കാരണമായതിനാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്’ ഐ.ടി മന്ത്രാലയം ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കൊഓര്‍ഡിനേറ്റ് സെന്ററും ചൈനീസ് ആപ്പുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ രീതിയില്‍ സര്‍ക്കാര്‍ ചാനലുകള്‍ വഴി സാധാരണ പൗരന്മാരും ഐ.ടി മന്ത്രാലയത്തോട് ഡാറ്റ ചോര്‍ച്ചയെക്കുറിച്ച് ആശങ്കകള്‍ പങ്കുവച്ചിരുന്നു.ലഡാക്കിലെ ഗാല്‍വാനില്‍ നിലനില്ക്കുന്ന ഇന്ത്യ-ചൈനാ സംഘര്‍ഷവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
Post Your Comments