ന്യൂഡൽഹി : ഡൽഹി ഷഹദാരയിലെ സീമാപുരി പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകനെ സർവ്വീസ് റിവോൾവറുപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചു. സംഭവത്തിൽ രവീന്ദർ നാഗർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പട്രോളിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് രവീന്ദർ നാഗർ ആമോദ് ഭദാന എന്ന സഹപ്രവർത്തകനെ വെടിവെച്ചത്. ആമോദ് ഭദാന ഇപ്പോൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൻ സയൻസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.ജോലി സംബന്ധമായ വിഷയത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് മറ്റ് ഉദ്യോഗസ്ഥർ പറയുന്നു. കുറ്റവാളിയായ ഉദ്യോഗസ്ഥനെ സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തതായും സർവ്വീസ് റിവോൾവർ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് ശർമ്മ അറിയിച്ചു.
ആമോദ് ഭദാനയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഉടനടി തൊട്ടടുത്ത സ്വാമി ദയാനന്ദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവർ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുോപാകാൻ ആവശ്യപ്പെട്ടു. സർജറിക്ക് ശേഷവും ഇയാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ഡിസിപി പറഞ്ഞു. ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വഷണം നടത്തി വരികയാണ്. വെടിയറ്റ ഉദ്യോഗസ്ഥൻ സുഖം പ്രാപിച്ച് അയാളുടെ സ്റ്റേറ്റ്മെന്റ് എടുത്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. സംഭവത്തെക്കുറിച്ച് നാഗർ ഒന്നും തന്നെ തുറന്നു പറയുന്നില്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു. അതേസമയം ഇരുവരും തമ്മിൽ അന്ന് വൈകുന്നേരം സ്റ്റേഷന് സമീപമുള്ള ചായക്കടയിൽ വച്ച്
തർക്കമുണ്ടായതായി മറ്റൊരു പൊലീസുകാരൻ സാക്ഷ്യപ്പെടുത്തി.
Post Your Comments