ന്യൂഡൽഹി: കൊറോണ വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ത്തോമാ സഭാധ്യക്ഷന് ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ജീവിതത്തിന് നേരെയുളള ഭീഷണിയാണ് കോവിഡ് 19. ഇന്ത്യയിൽ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്നാണ് ചിലർ പ്രവചിച്ചത്. എന്നാൽ ലോക്ഡൗൺ ഉൾപ്പടെ സർക്കാർ എടുത്ത പ്രതിരോധ നടപടികൾ ഗുണം ചെയ്തു. കോവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നും ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Read also: മോദി ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല, ഒരു സൈക്കോപാത്താണെന്ന് ഇമ്രാൻ ഖാൻ
വൈറസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. കൂടുതൽ ജാഗ്രത പുലർത്തണം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, കൈകഴുകുക തുടങ്ങിയ കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയ്ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി സമർപ്പിച്ച ജീവിതമാണ് ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടേതെന്നും നരേന്ദ്രമോദി പറയുകയുണ്ടായി.
Post Your Comments