COVID 19Latest NewsKeralaNews

ഒപ്പമുണ്ട് എപ്പോഴും: മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എച്ച്.എം.സി. സ്റ്റാഫ് അറ്റന്റര്‍ ഗ്രേഡ്-2 ആയ എസ്. കുമാരിയുടെ (46) കുടുംബത്തിനാണ് ആനുകൂല്യം ലഭിച്ചത്. കുടുംബത്തിന്റെ പ്രാരാബ്ധം മനസിലാക്കി അവരെ ഒട്ടും കഷ്ടപ്പെടുത്താതെ കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം എത്രയും വേഗം നേടിക്കൊടുക്കാന്‍ ആരോഗ്യ വകുപ്പിനും ആരോഗ്യ കേരളത്തിനുമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ചിരുന്ന കുമാരിയുടെ മരണം ആശുപത്രിക്ക് തീരാനഷ്ടമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കുമാരിയുടെ മക്കളായ ആര്‍.കെ. ശ്രീനാഥ്, ആര്‍.കെ. ശ്രുതിനാഥ് എന്നിവര്‍ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, കോവിഡ്-19 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശില്‍പ എന്നിവര്‍ സന്നിഹിതനായി.

2013 മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു എസ്. കുമാരി. ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങിയ മാര്‍ച്ച് മാസം മുതല്‍ കോവിഡ് ഒ.പി.യിലും ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിക്കുന്ന രോഗികളെ പരിചരിച്ചിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ് അണുവിമുക്തമാക്കുന്നതിനും സാമ്പിള്‍ ട്രാന്‍സ്‌പോട്ട് ചെയ്യുന്നതിനും അവര്‍ സഹകരിച്ചിരുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം കുമാരിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിയമിച്ചു. എന്നാല്‍ മേയ് 27ന് ഐസൊലേഷന്‍ വാര്‍ഡില്‍ നൈറ്റ് ഡ്യൂട്ടി എടുക്കുന്നതിന് ആശുപത്രിയിലേക്ക് വരുന്ന വഴിക്ക് ഉണ്ടായ അപകടത്തില്‍ മരണമടയുകയായിരുന്നു. കുമാരിയുടെ ആത്മാര്‍ത്ഥ സേവനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ഇടപെട്ട് ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനുള്ള ശ്രമം നടത്തി.

കേരള ആരോഗ്യ വകുപ്പിന്റെ ഭാഗമായി എന്‍.എച്ച്.എം. മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എച്ച്.എം.സി. ചെയര്‍മാനുമായ വി.കെ. മധു, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, എച്ച്.ആര്‍. മാനേജര്‍ കെ. സുരേഷ്, കോവിഡ്-19 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, തിരുവനന്തപുരം ഡി.എം.ഒ. ഡോ. പ്രീത, ഡി.പി.എം. ഡോ. പി.വി. അരുണ്‍, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശില്‍പ, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ് തുടങ്ങിയവര്‍ നടത്തിയ കൂട്ടായ ശ്രമത്തിനാണ് ഫലം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button