ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കായി ചില പ്രത്യേകമാര്‍ഗനിര്‍ദേശങ്ങള്‍ കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ചതായി കണ്ടു. ‘വന്ദേഭാരത് ‘ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വരുന്നവര്‍ക്ക് ഒരേ തരം സുരക്ഷാമുന്‍കരുതലുകളേ സാധ്യമാകുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍. കേരളത്തിലേക്കുള്ള വിമാനങ്ങള്‍ക്കായി പ്രത്യേകം ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇക്കാര്യം വിദേശകാര്യമന്ത്രാലയം കേരളസര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യത്ത് ദുരിതത്തിലായ എല്ലാ പ്രവാസി സഹോദരങ്ങളെയും രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരണമെന്നതാണ് ഭാരത സര്‍ക്കാരിന്‍റെ നയം. അവരെ അവിടുത്തെ ദുരിതക്കയത്തില്‍ നിന്ന് കൊണ്ടുവരിക എന്നതിനാണ് പ്രഥമപരിഗണന. പ്രവാസികളിലൂടെ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യണം എന്നത് സംബന്ധിച്ച് ദൗത്യത്തിന്‍റെ തുടക്കത്തില്‍ത്തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണ്. വിദേശത്തുനിന്നെത്തുന്നവരെ ക്വാറന്‍റൈന്‍ ചെയ്യുക എന്നാണ് ഒന്നാമത്തെ കാര്യം. ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുക. രോഗമുള്ളവര്‍ക്ക് ചികില്‍സ നല്‍കുക. ഇതാണ് തുടക്കംമുതല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നയം. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായുള്ള ഒറ്റനയം.
“പരിശോധന വേണമെന്ന് തന്നെയാണ് കേരളസര്‍ക്കാരിന്‍റെ നിലപാട് എന്നാല്‍ കേന്ദ്രം ശ്രമിച്ചിട്ട് അതിന് കഴിയാത്തതുകൊണ്ട് തല്‍ക്കാലം പരിശോധന വേണ്ട “എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ മറ്റ് രാജ്യങ്ങളില്‍ കേരളം പറഞ്ഞത് നടപ്പാക്കാന്‍ ശ്രമിക്കുകയല്ല ചെയ്തത് , അതിന് ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് കേരളത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. മറ്റൊരു രാജ്യത്തിന്‍റെ ആരോഗ്യപ്രോട്ടോക്കോളില്‍ ഇടപെടാന്‍ നമുക്ക് കഴിയില്ല എന്നാണ് കേരളത്തോട് പറഞ്ഞിട്ടുള്ളത്.
ട്രൂനാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ട്രൂനാറ്റ് മെഷീനുകളെ ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് കുറഞ്ഞത് ലോകകേരളസഭക്കാര്‍ വഴിയെങ്കിലും മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നു.
ചിലവുകുറഞ്ഞ പരിശോധനകളെക്കുറിച്ച് നല്ല ധാരണയുള്ള പിണറായി വിജയന്‍ കേരളത്തില്‍ എത്ര പരിശോധന നടത്തുന്നുണ്ട്.? കേരളത്തില്‍ എത്ര ട്രൂനാറ്റ് മെഷീനുകള്‍ ഉപയോഗത്തിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പരിശോധനയില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനം, വിദേശരാജ്യങ്ങള്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്ന ഒരു ലക്ഷണവുമില്ലാത്തവരെയും ടെസ്റ്റ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണം ചെയ്യണമെന്ന് പറയുന്നതിന്‍റെ ന്യായമെന്തെന്ന് മനസിലാവുന്നില്ല.
വിമാനങ്ങളില്‍ ഉണ്ടാവുന്ന സൂപ്പര്‍ സ്പ്രെഡിനെക്കുറിച്ച് കേരളസര്‍ക്കാരിന് ആശങ്കയുണ്ടെന്ന് പറയുന്നു. കേരളത്തില്‍ ഇതു വരെ വന്ന ലക്ഷത്തിനടുത്ത് വിമാനയാത്രക്കാരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമാണ് രോഗബാധയുണ്ടായത് എന്നത് മറച്ചുവച്ചാണ് ഈ സൂപ്പര്‍ സ്പ്രെഡിനെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. ആഭ്യന്തര വിമാനങ്ങളിലും ട്രെയിനുകളിലും ഈ ‘സൂപ്പര്‍ സ്പ്രെഡി’നുള്ള സാധ്യതയില്ലേയെന്ന് ബഹു.മുഖ്യമന്ത്രി വ്യക്തമാക്കണം.
ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ മാത്രമാണ് ഈ രോഗവാഹകര്‍ എന്ന് പറയുന്നതെന്തെന്ന് മനസിലാകുന്നില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ആയിരങ്ങളെക്കുറിച്ച് കേരളസര്‍ക്കാരിന് ഇപ്പോള്‍ ആശങ്കയില്ലേ? വിവാഹം കഴിക്കാന്‍ വരുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ക്വാറൻ്റൈന്‍ വേണ്ട എന്ന തീരുമാനത്തിന്‍റെ ശാസ്ത്രീയ അടിത്തറ സര്‍ക്കാര്‍ വ്യക്തമാക്കണം.
കോവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക വിമാന സര്‍വീസ് സാധ്യമാണെന്ന് സാമൂഹ്യസുരക്ഷാമിഷന്‍ ഡയറക്ടറുടെ ഫേസ് ബുക്ക് ലൈവ് കണ്ടു. ലോകത്ത് ഏത് രാജ്യമാണ് ഇത്തരമൊരു സര്‍വീസ് നടത്തിയതെന്ന് കേരളസർക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന ആ വ്യക്തി വ്യക്തമാക്കണമെന്നും മന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post Your Comments