കൊച്ചി: പ്രശസ്‌ത നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയ്ൽ ചെയ്ത സംഭവത്തിൽ സിനിമ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.
അതേസമയം, നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. സ്വർണ കടത്തിലും അന്വേഷണം ഉണ്ടാകും. പ്രശസ്തരായ നടിമാർ മോഡലുകൾ എന്നിവരെ പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും ഐജി പറഞ്ഞു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിക്കും. നിലവിൽ നാല് പേരാണ് കേസിൽ പിടിയിലായിരിക്കുന്നത്. ഇനി മൂന്ന് പേര് പിടിയിൽ ആകാനുണ്ടെന്ന് ഐജി പറഞ്ഞു.
ഈ സംഭവത്തിന് ശേഷം പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നു. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇവർ ബ്ലാക്‌മെയിൽ ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു. ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റാക്കറ്റിനെതിരെ രണ്ടു മോഡലുകളാണ് മരട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഷംനയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തൃശൂർ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടിലെത്തിയ സംഘം ഷംനയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തുകയും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവാഹ ആലോചനയുമായി വന്നവരാണ് പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഷംന പറയുന്നു.
ഒരു വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി സംസാരിച്ച് അടുത്തു. കോവിഡ് കാലമായതിനാൽ നേരിട്ട് പോയി അന്വേഷിച്ചിരുന്നില്ല. പയ്യനോട് ഞാനും ഒന്നു രണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നു. ഒരു ദിവസം ഫോണിൽ വിളിച്ച് ഒരാൾ വരും, കുറച്ച് പണം കൊടുത്തുവിടാമോ എന്നു ചോദിച്ചപ്പോഴാണ് എനിക്ക് സംശയം തോന്നിയത്. ഒരു ലക്ഷം രൂപ കൊടുക്കാമോ എന്നു ചോദിച്ചു. സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്,” ഷംന കാസിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments