പാലക്കാട്: പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണം കുതിക്കുമ്പോൾ കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകി ഐസിഎംആർ. മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ആർടിപിസിആർ ലാബിനാണ് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ കോവിഡ് പരിശോധനയ്ക്ക് മറ്റു ജില്ലകളെ ആശ്രയിക്കുന്ന പാലക്കാടിന് ഇനിമുതൽ ജില്ലയിൽ തന്നെ പരിശോധന നടത്താം.
തൃശ്ശൂരിലെയും ആലപ്പുഴയിലെയും ലാബുകളിൽ സ്രവം അയച്ചായിരുന്നു പാലക്കാട് നിലവിൽ പരിശോധന നടത്തിയിരുന്നത്. ഇതുമൂലം ഫലം ലഭിക്കുന്നതിന് വളരെ താമസം എടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. സ്രവ പരിശോധനാ ഫലം വരാതെ രോഗികൾ പുറത്തിറങ്ങി നടക്കുകയും, മൃത ദേഹങ്ങൾ ദിവസങ്ങളോളം മോർച്ചറികളിൽ കിടക്കുന്ന സ്ഥിതിയും ഉണ്ടായി. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് ആണ് ഇപ്പോൾ പരിഹാരം ആയിരിക്കുന്നത്.
മൈക്രോബയോളജി വകുപ്പിനു കീഴിലാണ് ലാബിന്റെ പ്രവർത്തനം. രോഗ സാധ്യതയുള്ളവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുത്താണ് പരിശോധന നടത്തുക. ടെസ്റ്റിലൂടെ നാല്-അഞ്ച് മണിക്കൂറിനുള്ളിൽ ഫലം അറിയാനും വിവരം സംസ്ഥാന കൺട്രോൾ റൂമിലേക്ക് നൽകാനും അവിടെനിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് ലഭിക്കുകയും ചെയ്യും. ഒരു ടെസ്റ്റ് റൺ കൂടി നടത്തി നാളെ മുതൽ പരിശോധന തുടങ്ങാനാകും. ഐസിഎംആർ നിർദ്ദേശിച്ചത് പ്രകാരം സജ്ജമാക്കിയ ലാബിന്റെയും മെഷീനുകളുടെയും ആദ്യ ടെസ്റ്റ് റണ്ണിന്റെയും വിവരങ്ങൾ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
ALSO READ: സമാധാന കരാറുകൾക്കു പുല്ലുവില; അതിർത്തിയിൽ ലൗഡ് സ്പീക്കറുകൾ പുനഃസ്ഥാപിച്ച് ഉത്തര കൊറിയ
ലാബിൽ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയിൽ കൊറോണ പരിശോധന ഫലം നിലവിലുള്ളതിനേക്കാൾ വേഗത്തിൽ ലഭിക്കും. നിലവിൽ ഗവ. മെഡിക്കൽ കോളേജിൽ കൊറോണ ഒ.പിയും സാമ്പിൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. ഉടൻ തന്നെ കിടത്തിചികിത്സ ഉൾപ്പെടെ മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments