KeralaLatest NewsNews

തോട്ടിൽ കാൽ വഴുതി വീണൊഴുകിയ രണ്ടു വയസുകാരി തെരേസയ്ക്ക് ഇത് രണ്ടാം ജന്മം; രക്ഷകരായത് കുട്ടികൾ മുതൽ എം എൽ എ വരെ

പാലാ: രണ്ടു വയസുകാരി കൊച്ചു തെരേസായ്ക്ക് ഇതു രണ്ടാംജന്മം. അമ്മ വീടിനു സമീപത്തെ പൊന്നൊഴുകുംതോടിനു സമീപമുള്ള കൈത്തോട്ടിൽ കാൽ വഴുതി വീണ തെരേസയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത് പ്രായപൂർത്തിയാകാത്ത കുട്ടികൾ. തുടർന്ന് പൈകയിലെ പുതിയിടം ആശുപത്രിയിൽ എത്തിച്ചത് കോക്കാട്ട് തോമാച്ചനും തോണിയ്ക്കൽ അപ്പുവും. അവിടെ നിന്നും മരിയൻ മെഡിക്കൽ സെൻ്ററിലേയ്ക്കു എത്തിച്ചത് മാണി സി കാപ്പൻ എം എൽ എ.

ഇന്നലെ വൈകിട്ടു ആറുമണിയോടെയാണ് സംഭവം. കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകളായ തെരേസ അമ്മ വീടായ മല്ലികശേരിയിലെ പുത്തൻപുരയ്ക്കൽ വീട്ടിൽ അമ്മ ബിന്ദുവിനോടൊപ്പമായിരുന്നു. വൈകിട്ടു വീടിനു തൊട്ടടുത്തുള്ള പൊന്നൊഴുകുംതോടിനു സമീപത്തുള്ള ചെറിയ കൈ തോടിനു സമീപം ആരുമറിയാതെ എത്തി. വെള്ളമുള്ള തോട്ടിൽ കാൽ വഴുതി വീണത് ആദ്യം ആരും കണ്ടില്ല. ഇരുനൂറ് മീറ്ററോളം ഒഴുകി പൊന്നൊഴുകും തോട്ടിലേയ്ക്കു ചേരുന്ന ഭാഗത്ത് എത്തി. പക്ഷേ, ദൈവം കരുണയുടെ കരങ്ങൾ കുട്ടികളുടെ രൂപത്തിൽ തെരേസയ്ക്കു മുന്നിൽ വന്നു. തോട്ടിൽ കുളിയ്ക്കുകയായിരുന്ന കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയും കുട്ടി ഒഴുകി വരുന്നത് കണ്ടു. ഇവർക്കു കുട്ടിയെ പിടിക്കാൻ കഴിഞ്ഞില്ല. ഇവർ അലമുറയിട്ടതോടെ സമീപത്തുണ്ടായിരുന്ന കല്ലമ്പള്ളിൽ ആനന്ദും കൂട്ടുകാരും ചേർന്ന് കുട്ടിയെ പിടിച്ചെടുത്തു കരയ്ക്കു കയറ്റി. തുടർന്നു അബോധാവസ്ഥയിലായിരുന്ന തെരേസയെ ഇവർ സമീപത്തുള്ള കോക്കാട്ട് തോമച്ചൻ്റെ വീട്ടിലെത്തിച്ചു. തോണിയ്ക്കൽ അപ്പുവിൻ്റെ സഹായത്തോടെ ഉടൻ തന്നെ പുതിയിടം ആശുപത്രിയിൽ എത്തിച്ചു.

ഡോ ജോർജ് മാത്യു പ്രഥമ ശുശ്രൂഷ നൽകി പാലായ്ക്കു കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ആംബുലൻസ് വിളിക്കാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന മാണി സി കാപ്പൻ എം എൽ എ കുട്ടിയെ തൻ്റെ വണ്ടിയിൽ കയറ്റി പാലാ മരിയൻ മെഡിക്കൽ സെൻ്ററിലേയ്ക്ക് പാഞ്ഞു. ഒപ്പമുണ്ടായിരുന്ന ജോർജുകുട്ടി ആനിത്തോട്ടവും സിനീതും സഹായിച്ചു.

മരിയൻ ആശുപത്രിയിൽ എത്തിച്ച കുട്ടിക്കു അടിയന്തിര വൈദ്യസഹായം ലഭ്യമാക്കി. അപ്പോഴേയ്ക്കും മാതാപിതാക്കന്മാരായ പാലാ ചാവറ സ്കൂളിലെ അധ്യാപകനായ ജോമിയും ചേർപ്പുങ്കൽ ബി വി എം കോളജിലെ അധ്യാപികയായ മാതാവ് ബിന്ദുവിനും ആശുപത്രിയിൽ എത്തി. കുട്ടി അപകടനില തരണം ചെയ്തതതായി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി ഷേർളി, സിസ്റ്റർ ബെൻസി എന്നിവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button