ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണ് മുൻതൂക്കമെന്ന് ഹാര്‍വഡ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. തന്ത്രപ്രധാനമായ വ്യോമതാവളങ്ങളും പരിശീലനം ലഭിച്ച പൈലറ്റുമാരും കൂടുതല്‍ ഇന്ത്യയ്ക്കാണെന്നും ഹാര്‍വഡ് സര്‍വകലാശാല കെന്നഡി സ്‌കൂളിലെ ഫ്രാങ്ക് ഒഡോണല്‍ നടത്തിയ വിശകലനത്തില്‍ പറയുന്നു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തുന്ന അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാന്‍ പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. 3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് മലനിരകളിലുള്ള യുദ്ധത്തില്‍ ഒരു ദശകത്തിലധികമായി പരിശീലനം നേടിയ പ്രത്യേക സേനയെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തിയില്‍ രണ്ടുലക്ഷത്തോളം സൈനികരെയാണ് ഇരുരാജ്യങ്ങളും വിന്യസിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ റോഡുകളിലൂടെ നീങ്ങുന്ന ചൈനീസ് സൈനികരെ നേരിടാന്‍ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പരിശീലിച്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ പൊരുതാന്‍ സജ്ജരായ സൈനികരെയാണ് ഇന്ത്യ രംഗത്തിറക്കുന്നത്. ഉത്തരാഖണ്ഡ്, ലഡാക്ക്, ഗോര്‍ഖ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍നിന്നുള്ള ട്രൂപ്പുകളാണിത്. ഇവർ ഉയര്‍ന്ന മേഖലകളില്‍ പോരാടാന്‍ നൂറ്റാണ്ടുകളായി പൊരുത്തപ്പെട്ടവരാണ്. അതിര്‍ത്തിയില്‍ ഇപ്പോഴും യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം.
Post Your Comments