News

മുംബൈയില്‍ 70 കൊറോണ രോഗികളെ കാണാനില്ല; ആശങ്കയില്‍ സംസ്ഥാനം

മുംബൈ : മുംബൈ നഗരത്തിൽ നിന്നും 70 കോവിഡ് രോഗികളെ കാണാനില്ലെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ ഇവരെ കണ്ടെത്താനായി കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസിന്റെ സഹായം തേടി.

രോഗം സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം പലരെയും അധികൃതരുടെ കൈവശമുള്ള ഫോണ്‍ നമ്പറിലോ മേല്‍വിലാസത്തിലോ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് 70 പേരെ കാണാനില്ലെന്ന് സ്ഥിരീകരിച്ചത്. കാണാതായ ഒരു കോവിഡ് രോഗി പരിശോധനയ്ക്ക് വിധേയനാകുന്നതിന് മുമ്പ് അധികൃതര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഒരു ബിഎംസി ഉദ്യോഗസ്ഥന്റേത് ആയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

മുംബൈ നഗരത്തിലെ രോഗബാധ രൂക്ഷമായ മലാഡ് പ്രദേശത്തുള്ളവരാണ് കാണാതായവരില്‍ കൂടുതല്‍പേരും എന്നതും ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് മുംബൈയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി അസ്‌ലം ഖാന്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച 70 പേരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, അവര്‍ എവിടേക്കും ഓടിപ്പോയിട്ടില്ല. എല്ലാ കോവിഡ് രോഗികളെയും അവരുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്തും. ഫോണ്‍ നമ്പറോ വിലാസമോ രേഖപ്പെടുത്തിയപ്പോള്‍ വന്ന പിഴവാകാം ആശങ്കയ്ക്ക് ഇടയാക്കിയത്. പലരുടെയും വിലാസം ചേരി പ്രദേശങ്ങളിലാണ്. കുടിയേറ്റ തൊഴിലാളികള്‍ രോഗം ഭേദമായശേഷം മുംബൈയില്‍നിന്ന് മടങ്ങിപ്പോയിട്ടുണ്ടാകാനും സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button