ന്യൂഡല്‍ഹി : ഗാല്‍വന്‍ താഴ്വരയില് സംഘര്‍ഷാവസ്ഥ നിലവില്‍ക്കുന്ന സാഹചര്യത്തില്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ചൈനീസ് പ്രദേശമായ മോള്‍ഡോയില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാര്‍മാര്‍ ചര്‍ച്ച നടത്തുന്നത്.
ലഡാക്കിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചത്തലത്തില്‍ രണ്ടാമത്തെ കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്നത്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളില്‍ രാജ്യം വരുത്തിയ മാറ്റത്തെക്കുറിച്ച് ഇന്ത്യ അറിയിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ഇതിന് മുന്‍പ് ജൂണ്‍ ആറിനാണ് ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയില്‍ പ്രദേശങ്ങളില്‍ നിന്നും ഇരു സൈന്യങ്ങളും പിന്‍വാങ്ങാമെന്ന് ധാരണയായിരുന്നു. എന്നാല്‍ ഈ ധാരണകളെല്ലാം ലംഘിച്ചാണ് ഗാല്‍വന്‍ താഴ്വരയില് ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിച്ചത്.അതേസമയം അതിര്‍ത്തി സംഘര്‍ഷം പ്രതിരോധിക്കാന്‍ പര്‍വ്വത നിരകളിലെ യുദ്ധത്തിന് പരിശീലം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ. ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ നീങ്ങുന്നത്.
3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് മലനിരകളിലുള്ള യുദ്ധത്തില്‍ പരിശീലനം നേടിയ പ്രത്യേക സേനയെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പര്‍വ്വത മേഖലയിലുള്ള പോരാട്ടം കഠിനമാണെന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്കാന് സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments