ജയ്പൂര്‍ • അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി നിർദേശങ്ങൾ അനുസരിക്കാതിരുന്നതിന് രാജസ്ഥാനിലെ സി.പി.എം എം.എല്‍.എ ബൽവാൻ പൂനിയയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
സംസ്ഥാനത്ത് നിന്ന് മൂന്ന് സീറ്റുകളിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കെ.സി വേണുഗോപാൽ, നീരജ് ഡാംഗി, ബി.ജെ.പിയുടെ രാജേന്ദ്ര ഗെലോട്ട് എന്നിവർ വിജയിച്ചപ്പോൾ ബി.ജെ.പിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി ഓങ്കർ സിംഗ് ലഖാവത്ത് പരാജയപെട്ടിരുന്നു.
ജൂൺ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ, രണ്ടാം സ്ഥാനാർത്ഥിയ്ക്ക് വിജയ സാധ്യതയുണ്ടെങ്കില്‍ മാത്രം ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാൻ സി.പി.എം എംഎൽഎമാരായ ബൽവാൻ പൂനിയ, ഗിർധാരി ലാൽ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥികൾ രണ്ടുപേരും സുഖമായി വിജയിക്കുമെന്നും ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ഥി പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ബൽവാൻ പൂനിയ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ പൂനിയയ്ക്ക് വോട്ട് രേഖപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് എം.എല്‍.എയ്ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അമ്ര റാം പറഞ്ഞു.
Post Your Comments