COVID 19Latest NewsKeralaNews

ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷന്‍. മുല്ലപ്പള്ളിക്കെതിരെ കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ജോസഫൈന്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും സ്ത്രീ മന്ത്രിയായാല്‍ എന്തും പറയാമെന്ന അവസ്ഥയുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് വിഷയത്തിലുണ്ടായത്. പ്രസ്താവനയ്ക്ക് പിന്നാലെ അതിജീവിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അജന്യയും നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും, നിപയെ മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ ഗസ്റ്റ് റോളില്‍ പോലും ഇല്ലാതിരുന്ന ആളാണ് അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളിയെന്നായിരുന്നു സജീഷ് പറഞ്ഞത്. ലിനിയുടെ മരണ ശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും സജീഷ് കൂട്ടിചേര്‍ത്തു.

നിപകാലത്ത് വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരു ഫോണ്‍കോളിലൂടെ പോലും തങ്ങളുടെ വിവരം അന്വേഷിച്ചിട്ടില്ലെന്നും അതേസമയം രോഗം ഭേദമായിട്ടും ആളുകള്‍ ഭീതിയോടെ അകറ്റിനിര്‍ത്തിയിരുന്നുവെന്നും ശൈലജ ടീച്ചര്‍ കാണാന്‍ വന്നതാണ് കരുത്തായതെന്നും അജന്യ പറഞ്ഞു

അതേസമയം ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് എതിരായ കൊവിഡ് റാണി പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ്പയെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും അതില്‍ മുഖ്യമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മറ്റാര്‍ക്കും തന്നെ ക്രെഡിറ്റ് ഇല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പ്രവാസി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ പ്രതിപക്ഷനേതാവിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളിയുടെ പരാമര്‍ശം. പരാമര്‍ശം വിവാദത്തിലായതിനെ തുടര്‍ന്നാണ് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം മുല്ലപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുല്ലപ്പള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button