
തിരുവനന്തപുരം/കൊല്ലം/കട്ടപ്പന • കൊറോണ വൈറസ് രോഗം വ്യാപകമായതോടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇവിടങ്ങളില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
മണക്കാട് സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് തിരുവനന്തപുരത്ത് മണക്കാടുൾപ്പെടെ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കാലടി, ആറ്റുകാൽ മണക്കാട്, ചിറമുക്ക് വാർഡുകളാണ് തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ കോവിഡ് ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. 55 കാരനായ ഓട്ടോ ഡ്രൈവര്‍ ജില്ലയില്‍ വ്യാപകമായി യാത്ര ചെയ്യുകയും നിരവധി പേരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് മണക്കാട് പ്രദേശത്തെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയത്. ഓട്ടോ ഡ്രൈവറിന്റെ ഭാര്യക്കും ഒരു മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു മകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉളളതായാണ് റിപ്പോര്‍ട്ട്.
കൊല്ലം ജില്ലയില്‍ കൊല്ലം കോർപ്പറേഷനിലെ മുണ്ടക്കൽ, കന്റോണ്‍മെന്റ്, ഉദയമാർത്താണ്ഡപുരം ഡിവിഷനുകളും കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 വാർഡുകളും തൃക്കോവിൽവട്ടത്തെ 6,7,9 വാർഡുകളും മയ്യനാട്ടെ 15, 16 വാർഡുകളും ഇട്ടിവയിലെ പതിനേഴാം വാർഡുമാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.
പച്ചക്കറി ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കട്ടപ്പന മാർക്കറ്റ് പൂർണ്ണമായും അടച്ചു. കട്ടപ്പന നഗരസഭയിലെ എട്ടാം വാർഡ് , മാർക്കറ്റ്, കെ എസ് ആർ ടി സി ജംക്ഷന്‍-വെട്ടിക്കുഴിക്കവല റോഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
Post Your Comments