KeralaLatest NewsNews

തലച്ചോറിൽ വല്ലാതെ ദഹനക്കേട്‌ വരും, അവിടത്തെ ‘വയർ’ ഇളകും: നമ്മളേക്കാൾ ചെറുതാണ് ചുറ്റുമുള്ള ലോകം എന്ന തോന്നലുണ്ടാകുമ്പോഴാണ് നമ്മൾ ചെറുതാകുന്നത് : കുറിപ്പുമായി ഡോക്ടർ ഷിംന അസീസ്

അംഗനവാടി ടീച്ചർമാരെക്കുറിച്ചുള്ള നടൻ ശ്രീനിവാസന്റെ വിമർശനത്തിൽ പ്രതികരണവുമായി ഡോക്ടർ ഷിംന അസീസ്. കുട്ടികളെ ‘തറ, പറ’ പഠിപ്പിക്കൽ മാത്രമല്ല അവരുടെ ജോലി. അവർ പരിശീലനം ലഭിച്ച ജോലിക്കാരാരാണെന്നും അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. നമ്മൾ ഏറ്റവും ചെറുതാകുന്നത്‌ നമ്മളേക്കാൾ ചെറുതാണ്‌ ചുറ്റുമുള്ള ലോകം മുഴുവൻ എന്ന തോന്നൽ തലയിൽ കയറിപ്പറ്റുമ്പോഴാണ്‌. പിന്നെ തലച്ചോറിൽ വല്ലാതെ ദഹനക്കേട്‌ വരും അവിടത്തെ ‘വയർ’ ഇളകും. നിങ്ങടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന വല്ല്യ പ്രതീക്ഷയൊന്നുമില്ല. അങ്ങ്‌ ജപ്പാനിലെ സൈക്കോളജി പഠിച്ച ടീച്ചറെ നോക്കുമ്പോ ഇവിടുത്തെ പാവങ്ങളെ കൂടി ഒന്നോർത്തോണേയെന്നും ഷിംന അസീസ് പറയുന്നു.

Read also: കുട്ടികളുടെതടക്കം അശ്ലീല വീഡിയോ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; അഡ്‌മിൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അംഗൻവാടി ടീച്ചർമാരുടെ ജോലിഭാരം നേരിട്ടറിയുന്നത്‌ മീസിൽസ്‌ റുബല്ല വാക്‌സിനേഷൻ ക്യാമ്പെയിൻ കാലത്താണ്‌. ഓരോയിടത്തും വാക്‌സിൻ വിരോധികളുടെ ആദ്യപ്രതികരണം (ഒരു പക്ഷേ, ഏറ്റവും മോശമായ പ്രതികരണവും) ഏറ്റു വാങ്ങുന്ന, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ‘ടീച്ചറേ’ എന്ന്‌ വിളിക്കുന്ന സ്‌ത്രീകൾ .

ഇവർ വിവരവും വിദ്യാഭ്യാസവുമില്ലാത്ത സ്‌ത്രീകളാണെന്ന്‌ പറഞ്ഞ ശ്രീനിവാസനോടും, അയാളുടെ മൂട്‌ താങ്ങുന്നവരോടും കൂടി പറയട്ടെ, കുട്ടികളെ ‘തറ, പറ’ പഠിപ്പിക്കൽ മാത്രമല്ല അവരുടെ ജോലി. അവർ പരിശീലനം ലഭിച്ച ജോലിക്കാരാണ്‌. കിട്ടുന്ന തുച്‌ഛവേദനം വെച്ച്‌ നോക്കിയാൽ അതിലും എത്രയോ മടങ്ങ്‌ ജോലി ചെയ്യുന്നവർ.

സമൂഹത്തിൽ നിന്ന്‌ തന്നെ തിരഞ്ഞെടുക്കപ്പെടുന്ന അവർ സാധാരണ ചെയ്യുന്ന ജോലികൾ ഇവയാണ്‌.
1) ആരോഗ്യം, പോഷകപ്രദമായ ഭക്ഷണം, കുഞ്ഞുങ്ങളുടെ വളർച്ചയും വികാസവും എന്നിവയിൽ അടിസ്‌ഥാന പരിശീലനം നേടിയ ശേഷം നമ്മുടെ ചുറ്റുപാടും ഈ വിഷയങ്ങളിൽ ഗ്രൗണ്ട്‌ ലെവൽ ഇടപെടൽ നടത്തുന്നത്‌ ഇവരാണ്‌.
2) 3-6 വയസ്സുള്ള കുട്ടികളുടെ വളർച്ചയും വികാസവും, ഗർഭിണികളുടെ ആരോഗ്യം, മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യം, വാക്‌സിനേഷൻ ഡ്യൂട്ടികൾ തുടങ്ങിയ അസംഖ്യം കാര്യങ്ങൾ.
3) പൂരകപോഷണം നൽകി കുഞ്ഞുങ്ങളെ മിടുക്കൻമാരും മിടുക്കികളുമാക്കുന്നവർ.
4) അനൗദ്യോഗിക പ്രീസ്‌കൂൾ വിദ്യാഭ്യാസം.
5) ആവശ്യമെങ്കിൽ തന്റെ ഏരിയയിലെ ചികിത്സ അർഹിക്കുന്നവരെ അടുത്തുള്ള സബ്‌സെന്ററുകളിലേക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും റഫർ ചെയ്യുന്നവർ.
6) ഗൃഹസന്ദർശനം നടത്തി ശിശുപരിപാലനത്തെക്കുറിച്ച്‌ രക്ഷിതാക്കളിൽ അവബോധം സൃഷ്‌ടിക്കൽ.
7) ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഇരുമ്പ്‌, കാത്സ്യം ഗുളികകളുടെ വിതരണം. അവർക്കുള്ള പ്രത്യേക ഭക്ഷ്യവസ്‌തുക്കളുടെ വിതരണം.
8) കുടുംബാസൂത്രണത്തെക്കുറിച്ച്‌ അറിവ്‌ നൽകൽ
9) കൗമാരക്കാർക്ക്‌ വിവിധവിഷയങ്ങളിൽ അവബോധം നൽകൽ
10) ഇവയുടെയെല്ലാം ഡാറ്റ ശേഖരണം, സബ്‌മിഷൻ, മീറ്റിങ്ങുകൾ
11) കോവിഡ്‌ കാലത്ത്‌ ഇവരുടെ സേവനങ്ങളുടെ ഗുണഭോക്താക്കളെ നേരിട്ട്‌ കാണുന്നില്ലെങ്കിലും വീഡിയോ കോൾ വഴി നിർദേശങ്ങൾ നൽകി വരുന്നു.
12) ഇപ്പോഴും ഭക്ഷണമെത്തിക്കേണ്ടവർക്ക്‌ എത്തിക്കുന്നു.
13) പ്രായമായവരുടെ കണക്കെടുപ്പ് ഉൾപ്പെടെ വിവിധ സർവ്വേകൾ…

ഇനിയും കണക്കിൽ പെട്ടതും പെടാത്തതുമായി വേറെ പല ജോലികളും.

അംഗൻവാടിയിലെ ടീച്ചർ വെറും ടീച്ചറല്ല ശ്രീനി സാറേ. അവർ സമൂഹവും ആരോഗ്യമേഖലയും പൊതുസമൂഹവുമായുള്ള ബന്ധത്തിന്റെ പ്രാഥമിക കണ്ണിയാണ്‌. പറഞ്ഞത്‌ ഞാനല്ല, കമ്മ്യൂണിറ്റി മെഡിസിന്റെ ബൈബിളായ പാർക്ക്‌ ടെക്‌സ്‌റ്റ്‌ ബുക്കിൽ നിന്നും കടമെടുത്ത വരികളാണ്‌.

നമ്മൾ ഏറ്റവും ചെറുതാകുന്നത്‌ നമ്മളേക്കാൾ ചെറുതാണ്‌ ചുറ്റുമുള്ള ലോകം മുഴുവൻ എന്ന തോന്നൽ തലയിൽ കയറിപ്പറ്റുമ്പോഴാണ്‌. പിന്നെ തലച്ചോറിൽ വല്ലാതെ ദഹനക്കേട്‌ വരും അവിടത്തെ ‘വയർ’ ഇളകും. നിങ്ങടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന വല്ല്യ പ്രതീക്ഷയൊന്നുമില്ല. അങ്ങ്‌ ജപ്പാനിലെ സൈക്കോളജി പഠിച്ച ടീച്ചറെ നോക്കുമ്പോ ഇവിടുത്തെ പാവങ്ങളെ കൂടി ഒന്നോർത്തോണേ. “കാക്കേ കാക്കേ കൂടെവിടേ?” എന്നൊക്കെ ഈണത്തിൽ, താളത്തിൽ പാടി പഠിപ്പിച്ച്‌ തന്നൊരു ടീച്ചർ എനിക്കെന്ന പോലെ നിങ്ങൾക്കും കാണൂലേ?

വന്ന വഴി മറന്ന്‌ പിറന്ന്‌ വീണത്‌ എക്‌സ്‌പ്രസ്‌ ഹൈവേയിലാണെന്ന്‌ ചിന്തിക്കാതെ. റാൻ മൂളുന്നുണ്ടെന്ന്‌ തോന്നുന്ന ലോകർ പിറകിൽ നിന്ന്‌ ചിറി കോട്ടി ചിരിക്കും. അതിപ്പോഴും സംഭവിക്കുന്നുണ്ട്‌, പ്രമുഖ സറ്റയർ തിരക്കഥാകൃത്ത് അറിയാഞ്ഞിട്ടാ…

ഒരു ജപ്പാൻകാരൻ !!

shortlink

Related Articles

Post Your Comments

Related Articles


Back to top button