
ന്യൂഡൽഹി: ചൈന അനധികൃതമായി കയ്യേറിയിരിക്കുന്ന അക്സായി ചിൻ ഇന്ത്യയുടെ പ്രദേശമാണെന്നും ചൈനീസ് അധിനിവേശത്തിൽ നിന്ന് തിരിച്ചെടുക്കേണ്ട സമയമാണിതെന്നും ബിജെപി എംപി. അക്സായി ചിൻ മാത്രമല്ല, ഗിൽഗിത് – ബാൾട്ടിസ്താനും ലഡാക്കിന്റെ ഭാഗമാണെന്നും ലഡാക്കിൽ നിന്നുള്ള ബിജെപി എംപി
ജംയാങ് സെറിംഗ് നംഗ്യാൽ പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ ഇന്തോ തിബത്തൻ നിയന്ത്രണ രേഖയിലെ ഗൽവാൻ താഴ് വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികർ വീരമൃത്യുവരിച്ചതിന് മൂന്ന് ദിവസത്തിന് ശേഷമാണ് എംപിയുടെ പരാമർശം.ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്ന തങ്ങളുടെ പരമ്പരാഗത മേച്ചിൽസ്ഥലങ്ങളിലേയ്ക്ക് ഇന്ത്യൻ ഇടയന്മാർ പോകുകയും ഇന്ത്യൻ പ്രദേശങ്ങൾ തിരിച്ചെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ അതിർത്തി സംരക്ഷണത്തിൽ നാട്ടുകാരിൽനിന്ന് വലിയ പങ്ക് തേടുന്നുവെന്നും,1962-ലെ ഇന്ത്യയല്ല 2020-ലെ ഇന്ത്യയെന്നും അദ്ദേഹം ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.നേരത്തെ ലഡാക്കിലെ ഗൽവാൻ താഴ് വര പ്രദേശത്തിന്റെ പരമാധികാരം തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ചൈനയുടെ അവകാശവാദം അംഗീകരിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചത്.
Post Your Comments