കൊച്ചി: ഇടപാടുകള്‍ക്കായി ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് ‘ഫെഡ്സ്വാഗത്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രീ ബുക്കിങ് സേവനം അവതരിപ്പിച്ചു. ബാങ്കിന്‍റെ വെബ്സൈറ്റില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്തു തിരഞ്ഞെടുത്ത സമയത്ത് ശാഖയിലെത്തിയാല്‍ മതിയാകും. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള സാമുഹിക അകലപാലനം നടപ്പിലാക്കാനും കാത്തിരിപ്പു സമയം ലാഭിക്കാനും ഉപഭോക്താക്കള്‍ക്ക് ഫെഡ്സ്വാഗത് സേവനം വഴി സാധിക്കും. ഇപ്പോള്‍ 50 ശാഖകളിലാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. ജൂണ്‍ അവസാനത്തോടെ ഫെഡറല്‍ ബാങ്കിന്‍റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാകും.
https://www.federalbank.co.in/fed-swagat എന്ന ലിങ്ക് വഴി നിലവിലെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ബാങ്കിങ് സേവനം ബുക്ക് ചെയ്യാനാകും. ബുക്കിങ് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ മൊബൈലില്‍ സന്ദേശവുമെത്തും. ഉപഭോക്താവ് ഇതില്‍ നല്‍കിയിരിക്കുന്ന സമയത്ത് ശാഖയില്‍ എത്തിയാല്‍ മതിയാകും. മൊബൈല്‍ ആപ്പ് വഴിയും ഈ പ്രീ ബുക്കിങ് സേവനം വൈകാതെ ലഭ്യമാക്കും. ഫെഡ്സ്വാഗത് ബുക്കിങ് സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ ഉപഭോക്താവിന് സമയ നഷ്ടമോ കാത്തിരിപ്പോ ഇല്ലാതെ സാമൂഹിക അകലം കൃത്യമായി പാലിക്കാനുള്ള സൗകര്യവും ലഭിക്കുന്നു.
ഇതിനു പുറമെ, പുതിയ ഡെപ്പോസിറ്റ്/വായ്പ അക്കൗണ്ട് ഓപണിങ്, ക്ലോസിങ്, ഫണ്ട് ട്രാന്‍സ്ഫര്‍, സ്റ്റേറ്റ്മെന്‍റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെക്ക് ബുക്ക് തുടങ്ങി ഒട്ടുമിക്ക ബാങ്കിങ് സേവനങ്ങളും ഫെഡറല്‍ ബാങ്കിന്‍റെ മൊബൈല്‍/ ഇന്‍റര്‍നെറ്റ് ബാങ്കിങ്ങില്‍ ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഫെഡറല്‍ ബാങ്ക് ഡോര്‍ സ്റ്റെപ് എടിഎം സേവനവും നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കിന്‍റെ എല്ലാ ശാഖകളിലും കൃത്യമായ ശുചീകരണവും മുന്‍കരുതലുകളും കര്‍ശനമായി പാലിക്കുന്നുണ്ട്.
Post Your Comments