കൊച്ചി: വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന മലയാളസിനിമയിലെ സംഘത്തിൽ ആരൊക്കെയെന്ന് നടന്‍ നീരജ് മാധവ് വ്യക്തമാക്കണമെന്ന് ഫെഫ്ക. ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞ സംഘത്തെ വെളിപ്പെടുത്താന്‍ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്ക താരംസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കി. നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും ഫെഫ്ക ആരോപിച്ചു.
മലയാള സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ച് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുന്‍പ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നീരജ് മാധവ് പറഞ്ഞിരുന്നു. ഈ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ പേരടക്കം വെളിപ്പെടുത്താന്‍ നീരജിനോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് താരസംഘടനയ്ക്ക് ഫെഫ്ക കത്ത് നല്‍കിയത്. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയ്ക്കുശേഷം ബോളിവുഡിനെതിരെ തുറന്നടിച്ച നടി കങ്കണ റാവത്തിന് പിന്നാലെയാണ് വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന സംഘം മലയാളസിനിമയിലുമുണ്ടെന്ന് നീരജ് മാധവ് ഫെയ്സ്ബുക്കില്‍ ആരോപിച്ചത്.
ALSO READ: ഗാൽവൻ താഴ്‍വരയിൽ നടന്ന ഇന്ത്യ – ചൈന സേനാ ചർച്ചകൾ പരാജയം; അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത
നീരജിന്റെ ആരോപണങ്ങള്‍ ഗുരുതരമാണ്. അങ്ങനെയൊരു സംഘമുണ്ടെങ്കില്‍ അവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കാമെന്നും ഫെഫ്ക കത്തില്‍ പറയുന്നു. നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണ്. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഈ സംഭവത്തെ ഒരു യുക്തിയുമില്ലാതെ മലയാള സിനിമാസാഹചര്യങ്ങളിലേക്ക് പ്രതിഷ്ഠിച്ചതല്ലെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം നീരജിനുണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ താരസംഘടനയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments