അഹമ്മദാബാദ് : രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ മാസ്ക് ധരിക്കാത്തത്തതിന് തുടർന്ന് മന്ത്രിക്ക് പിഴയായി നൽകേണ്ടി വന്നത് 200 രൂപയാണ്. ഗുജറാത്തിലെ മന്ത്രിയായ ഇശ്വർ സിൻഹ് പട്ടേൽ ആണ് മാസ്ക് ധരിക്കാതെ ഗാന്ധിനഗറിലെ മന്ത്രിസഭാ യോഗത്തിൽ എത്തിയത്.
ചില പ്രാദേശിക ചാനലുകളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. മന്ത്രിസഭാ യോഗത്തിന് എത്തിയ ബാക്കിയുള്ള എല്ലാ മന്ത്രിമാരും മാസ്ക് ധരിച്ചിരുന്നു. കായികം, യുവജനം, സാംസ്കാരിക പരിപാടികൾ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ് ഇദ്ദേഹം. വാർത്താ ചാനലുകൾ ഈ വീഴ്ച ചൂണ്ടി കാണിച്ചതിന് പിന്നാലെ ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ മന്ത്രിക്ക് 200 രൂപ പിഴ ചുമത്തുകയായിരുന്നു.
മന്ത്രിസഭാ യോഗത്തിനു ശേഷം പിഴ ഒടുക്കിയ മന്ത്രി പിഴ അടച്ചതിന്റെ രസീത് മാധ്യമങ്ങളെ കാണിച്ചു. അശ്രദ്ധ കൊണ്ട് സംഭവിച്ച പിഴവാണ് ഇതെന്ന് മന്ത്രി പറഞ്ഞു. “മാസ്ക് ധരിക്കാത്തതിന് പിഴയായി 200 രൂപ അടച്ചു. എല്ലാ സമയത്തും ഞാൻ മാസ്ക് ധരിക്കാറുണ്ട്. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ പെട്ടെന്ന് മറന്നുപോയതാണ്. താമസിയാതെ തന്നെ എന്റെ തെറ്റ് ഞാൻ മനസിലാക്കി” – മന്ത്രി വ്യക്തമാക്കി.
Post Your Comments