CricketLatest NewsNewsSports

ഇന്ത്യന്‍ ഫുട്ബോളിന്റെ കറുത്ത മുത്തിന് പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇതിഹാസ ഫുട്ബോളര്‍മാരില്‍ ഒരാളും മലയാളികളുടെയും ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കറുത്തമുത്തെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ.എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17-ാം വയസില്‍ കേരള പോലീസിലൂടെ തന്റെ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ വിജയന് 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു. 51 ആം വയസിലും അദ്ദേഹം ഫുട്‌ബോള്‍ മൈതാനത്ത് സജീവമാണ്.

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡയും മറ്റും വിറ്റുനടന്നിരുന്ന പയ്യനില്‍ നിന്ന് ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്ബോള്‍ താരവും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായി വിജയന്‍ മാറിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമായിരുന്നു. 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു വിജയന്‍.

1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച വിജയന്‍ ഇന്ത്യയ്ക്കായി 79 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകള്‍ നേടിയിട്ടുണ്ട്. 1999-ല്‍ മാത്രം അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി. ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡ് വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്.

തന്റെ കരിയറില്‍ നിരവധി ക്ലബുകള്‍ക്കായി താരം ബൂട്ടു കെട്ടിയിട്ടുണ്ട്. അതില്‍ പ്രധാന ക്ലബുകളായിരുന്നു ഐ ലീഗിലെ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടിയ താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.

2006-ലാണ് അദ്ദേഹം ബൂട്ടഴിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം വിജയന്‍ സ്വന്തം പട്ടണത്തിലെ യുവ കളിക്കാരെ പരിശീലിപ്പിക്കുന്നതിനായി ഒരു ഫുട്‌ബോള്‍ അക്കാദമി നടത്തുകയാണ് താരം.

1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് വിജയന്‍. 1993,1997, 1999 വര്‍ഷങ്ങളില്‍ സാഫ് കപ്പും നേടിയിട്ടുണ്ട് വിജയന്‍. പിന്നീട് സിനിമകളിലും സജീവമായിരുന്നു താരം. 2001ല്‍ ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം ശാന്തത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തും ചുവടുവെച്ചു. മലയാളത്തിലും തമിഴിലുമായി 20-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദളപതി വിജയ് നായകനായി എത്തിയ ബിഗില്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button