പോത്തൻകോട്: പാമ്പ് പിടുത്തക്കാരന്‍ സക്കീർ ഹുസൈൻ പാമ്പ് കടിയേറ്റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം 28–ാം മൈൽ കാഞ്ഞിരംവിളയിലായിരുന്നു സംഭവം നടന്നത്. കൈക്ക് കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാർക്ക് പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൂര്ഖനെയാണ് സക്കീർ പിടികൂടിയത്. ഇതിനിടെ കൈക്ക് കടിയേറ്റു. ഇതിന് ശേഷവും കൂടി നിന്നവർക്ക് പാമ്പിനെ കാട്ടിക്കൊടുത്തു.
Read also: ഇന്ന് കനത്ത മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് തനിക്ക് പാമ്പ് കടിയേറ്റ വിവരം സക്കീർ തന്നെയാണ് അറിയിച്ചത്. ഇതിനിടെ വായിൽ നിന്നു നുരയും പതയും വരികയും കുഴഞ്ഞുവീഴുകയുമായിരുന്നു. ”പാമ്പിന്റെ കടിയേറ്റു. മുൻപത്തെ പോലെയല്ല, ഇത്തിരി പ്രശ്നമുണ്ട്. വായിൽ നിന്നു നുരയും പതയും വരുന്നുണ്ട്. എന്നെ ഉടനെ ആശുപത്രിയിൽ എത്തിക്കണം, രക്ഷിക്കണം” എന്നായിരുന്നു സക്കീർ സുഹൃത്തിനോട് പറഞ്ഞത്. . പിന്നാലെ കുഴഞ്ഞുവീണു. സുഹൃത്ത് തിരിച്ചു വിളിച്ചപ്പോൾ എടുത്തത് കൂടി നിന്നവരിലൊരാണ്. ഇവരോട് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 348 പാമ്പുകളെ സക്കീർ പിടിച്ചിട്ടുണ്ട് . 12 തവണ കടിയേറ്റിട്ടുമുണ്ട്.
Post Your Comments