ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തില്‍ പാക്ക് പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്ക് പ്രതിനിധിയായ സയിദ് ഹൈദര്‍ ഷായെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.കാണാതായ രണ്ടുപേരെയും ഉടന്‍ കണ്ടെത്തണമെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് സുരക്ഷയും പരിചരണവും ഉറപ്പു വരുത്തണമെന്നും മന്ത്രാലയം പാക്ക് പ്രതിനിധിയോട് ആവശ്യപ്പെട്ടു.
അതേസമയം രണ്ട് സി.ഐ.എസ്.എഫ്. ഉദ്യോഗസ്‌ഥരെ ഒരു പകലിനു ശേഷം പാക് പോലീസ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അധികൃതര്‍ക്കു കൈമാറി. വാഹനാപകടമുണ്ടാക്കിയതിനു ശേഷം നിര്‍ത്താതെ പോയതിന് അറസ്‌റ്റ് ചെയ്‌തതാണെന്നു വിശദീകരണം.ശെല്‍വദാസ്, ദ്വിമു ബ്രഹ്‌മ എന്നിവര്‍ക്കെതിരേ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്നു രണ്ടു കി.മീ. അകലെയുള്ള സെക്രട്ടേറിയറ്റ് പോലീസ് സ്‌റ്റേഷനില്‍ വാഹനാപകടക്കേസ് രജിസ്‌റ്റര്‍ ചെയ്‌തെന്നും പാക് മാധ്യമങ്ങള്‍ പറയുന്നു.
വൈകുന്നേരം കൈമാറിക്കിട്ടിയ ഇവരുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടെന്നാണു വിവരം. രാത്രിയോടെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിലെത്തിച്ച ഇരുവരെയും വൈദ്യപരിശോധയ്‌ക്കു വിധേയരാക്കും. പരുക്കുകള്‍ രേഖപ്പെടുത്തിയതിനു ശേഷം പാക് അധികൃതരോടു വിശദീകരണം ചോദിക്കുമെന്ന് ഉന്നതോദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര ഓഫീസില്‍നിന്ന് ഇന്നലെ രാവിലെ എട്ടരയോടെ പുറത്തുപോയ ഇവരെപ്പറ്റി പിന്നീടു വിവരം ലഭിക്കാതായതോടെയാണ് ഇന്ത്യന്‍ ഉദ്യോഗസ്‌ഥര്‍ അന്വേഷണം തുടങ്ങിയത്.
തിരോധാനത്തില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്കു പങ്കുണ്ടെന്നു സൂചന ലഭിച്ചതോടെ ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്റെ ചുമതലക്കാരനായ സയ്‌ദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
ഇരുവരെയും കാര്‍ സഹിതം തിരിച്ചെത്തിക്കാന്‍ നിര്‍ദേശിച്ചു. നയതന്ത്ര ഓഫീസിലെ ഉദ്യോഗസ്‌ഥരുടെ സുരക്ഷയും സുരക്ഷിതത്വവും പാകിസ്‌താന്റെ ചുമതലയാണെന്ന മുന്നറിയിപ്പും നല്‍കി.
ചാരവൃത്തി കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്‌ഥരെ നിര്‍ബന്ധപൂര്‍വം തിരിച്ചയച്ചതു കഴിഞ്ഞ മാസമാണ്. അതിനു പിന്നാലെ, ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുകയാണെന്നു പരാതി ഉയര്‍ന്നിരുന്നു.
നയതന്ത്ര പ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തെ ചിലര്‍ ബൈക്കില്‍ പിന്തുടര്‍ന്നതു വിവാദമായി. ഹൈക്കമ്മിഷന്‍ ഉദ്യോഗസ്‌ഥരുടെ വസതിക്കു സമീപം പാകിസ്‌താന്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതും ചോദ്യംചെയ്യപ്പെട്ടു. നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്കെതിരായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും നടപടിയെടുക്കണമെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ പാകിസ്‌താനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments