Latest NewsIndiaNews

‘എന്റെ ഒരേയൊരു മകനെയാണ് നഷ്ടമായത്, പക്ഷെ, അവന്‍ മാതൃരാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്’; അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്റെ അമ്മ പറയുന്നു

ഹൈദരാബാദ് : ‘എന്റെ ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്, അതേസമയം, അവൻ മാതൃരാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞതെന്നതിൽ അഭിമാനമുണ്ട്.’ ലഡാക്ക് അതിർത്തിയിൽ വച്ച് ചൈനീസ് പടയോട് സധൈര്യം പോരാടി വീരചരമമടഞ്ഞ ഇന്ത്യൻ സൈനികൻ കേണൽ ബി.സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുളയുടെ വാക്കുകളാണിത്. കരച്ചിലടക്കികൊണ്ടാണ് കേണൽ സന്തോഷിന്റെ അമ്മ തന്റെ വാക്കുകൾ പൂർത്തിയാക്കിയത്.

ഞായറാഴ്ചയാണ് അവസാനമായി മകനോട് സംസാരിച്ചത്. ആ പ്രദേശത്ത് നിന്നും പുറത്തുവരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നും വിശ്വസിക്കേണ്ടെന്നും യഥാര്‍ഥ സ്ഥിതി വ്യത്യസ്തമാണ് എന്നാണ് സന്തോഷ് പറഞ്ഞത്- വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് മജ്ഞുള പറഞ്ഞു.

മകനെ നഷ്ടമായെന്ന വിവരം ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നാണ് കേണല്‍ സന്തോഷിന്റെ പിതാവ് ഉപേന്ദര്‍ പറഞ്ഞത്. ഉച്ചയോടെയാണ് ഞങ്ങള്‍ വിവരമറിഞ്ഞത്. മരണവാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും അത് സത്യമായിരുന്നു, ഏക മകനെ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നുവെന്ന് ഉപേന്ദര്‍ പ്രതികരിച്ചു. ‘ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് സന്തോഷ് സൈനിക് സ്‌കൂളില്‍ ചേര്‍ന്നത്. എനിക്കും സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. മകനിലൂടെ ഈ ആഗ്രഹം സഫലമാക്കുകയായിരുന്നു. സന്തോഷ് വളരെ കഴിവുള്ളവനും 15 വര്‍ഷത്തെ സര്‍വീസിനിടെ കേണല്‍ റാങ്ക് വരെയുള്ള സ്ഥാനക്കയറ്റങ്ങള്‍ സ്വന്തമാക്കിയ സൈനികനുമായിരുന്നു ഉപേന്ദര്‍ പറഞ്ഞു.

ഇന്നലെയാണ് ലഡാക്ക് അതിർത്തിയിൽ വച്ച് ചൈനീസ് സൈനികരുമായുള്ള ഏറ്റമുട്ടലിൽ കേണൽ സന്തോഷ് ബാബു വീരമൃത്യു വരിച്ചത്. സന്തോഷ് ബാബുവിനൊപ്പം മറ്റ് രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button