ന്യൂഡല്‍ഹി : പാകിസ്ഥാനു മേലുള്ള ഇന്ത്യയുടെ രാഷ്ട്രീയ തന്ത്രം ഫലിച്ചു , ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ അവസാനം വിട്ടയച്ചു.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്നു കാണാതായ രണ്ട് ഉദ്യോഗസ്ഥരെയാണ് പാക്കിസ്ഥാന്‍ വിട്ടയച്ചത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇരുവരെയും കാണാതായത്. ഹൈക്കമ്മിഷനില്‍ സേവനമനുഷ്ഠിക്കുന്ന സിഎസ്‌ഐഎഫ് ഡ്രൈവര്‍മാരായ രണ്ടു പേരെയാണു കാണാതായത്. ഇരുവരും ഒരു വാഹനാപകടത്തില്‍ ഉള്‍പ്പെട്ടതായി രാത്രിയോടെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ രണ്ട് ഉദ്യോഗസ്ഥരെ പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ കസ്റ്റഡിയില്‍ എടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരെയും വിട്ടയച്ചത്. രണ്ടു പേരും ഹൈക്കമ്മിഷനില്‍ തിരിച്ചെത്തിയെന്നാണു വിവരം.
ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥരെ ദിവസങ്ങള്‍ക്കു മുന്‍പ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യ നാടുകടത്തിയിരുന്നു. വീസ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പേരെ പുറത്താക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ കാണാതായെന്ന വിവരം പുറത്തുവന്നത്.
ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ മിഷനില്‍ പ്രവര്‍ത്തിച്ചുവന്ന അസിസ്റ്റന്റ് ആബിദ് ഹുസൈന്‍ ആബിദ് (42), ക്ലര്‍ക്ക് മുഹമ്മദ് താഹിര്‍ ഖാന്‍ (44) എന്നിവരെയാണ് ഇന്ത്യന്‍ സേനാനീക്കങ്ങള്‍ സംബന്ധിച്ച വിവരം ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും പിന്നീട് രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തത്.
Post Your Comments