തിരുവനന്തപുരം: ആറ്റിങ്ങലില്‍ പുലര്‍ച്ചെ പാല്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമാണ്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളായ പ്രിന്‍സ്, അസീം നാസര്‍, മനീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കല്ലുവാതുക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ കാറും കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയില്‍ ഇടിച്ച കാര്‍ റോഡ് വശത്തെ മണ്‍തിട്ടയില്‍ ഇടിച്ചു മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ 8 ഓളം പേര്‍ ഉണ്ടായിരുന്നു, എല്ലാവര്‍ക്കും ഗുരുതര പരിക്കുണ്ട്. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സും ഹൈവേ പൊലീസും ആറ്റിങ്ങല്‍ പൊലീസും കല്ലമ്പലം പോലീസും സ്ഥലത്തെത്തിയാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടത്തിന്റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല.
Post Your Comments