ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടാന്‍ രൂപീകരിച്ച പിഎം കെയര്‍ ഫണ്ട് ഓഡിറ്റ് ചെയ്യാന്‍ സ്വതന്ത്ര ഓഡിറ്ററെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാര്‍ക് അസോസിയേറ്റ്സിനെയാണ് ഓഡിറ്റ് ചെയ്യാന്‍ നിയോഗിച്ചത്. ഫണ്ട് വിനിയോഗത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് നടപടി.
പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സൗത്ത് ബ്ലോക്കിലായിരിക്കും പിഎം കെയര്‍ ഫണ്ടിന്റെ ആസ്ഥാനം. മൂന്നു വര്‍ഷത്തേക്കാണ് ഓഡിറ്ററുടെ നിയമനം. ഫണ്ട് വിനിയോഗം അടക്കം കാര്യങ്ങളുടെ മേല്‍നോട്ടത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചു. പിഎം കെയര്‍ ഫണ്ട് ട്രസ്റ്റികള്‍ ഏപ്രില്‍ 23നു നടത്തിയ യോഗത്തിലാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാര്‍ക് അസോസിയേറ്റ്സിനെ ഓഡിറ്റിംഗ് ഏല്പിക്കാന് തീരുമാനിച്ചത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായിരിക്കും ഓഡിറ്റിംഗ്. കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ മാര്‍ച്ച് 27ന് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചത്. പ്രധാനമന്ത്രി എക്സ് ഒഫിഷ്യോ ആയും പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാര്‍ എക്സ് ഒഫീഷ്യോ ട്രസ്റ്റികളുമായിട്ടാണ് പ്രവര്‍ത്തനം. ഇതിനിടെ ഫണ്ട് വിനിയോഗത്തെ കുറിച്ചും, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്തതിനെത്തുടര്‍ന്ന് സുതാര്യതയിലും ചോദ്യങ്ങളുയര്‍ന്നു. ഫണ്ടിനെ വിവരാവകാശ നിയമത്തിനു കീഴിലാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Post Your Comments