KeralaLatest NewsNews

യോനോ വഴി തല്‍സമയ ഓണ്‍ലൈന്‍ എസ്ബി അക്കൗണ്ട് പുനരവതരിപ്പിച്ച് എസ്ബിഐ

കൊച്ചി • സംയോജിത ഡിജിറ്റല്‍ സംവിധാനമായ യോനോ വഴി അക്കൗണ്ട് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആധാര്‍ അധിഷ്ഠിത തല്‍സമയ ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ടായ എസ്ബിഐ ഇന്‍സ്റ്റാ സേവിങ് ബാങ്ക് അക്കൗണ്ട് പുനരവതരിപ്പിച്ചു. പാനും ആധാര്‍ നമ്പറും മാത്രം ഉപയോഗിച്ച് പൂര്‍ണമായും കടലാസ് രഹിതമായി തല്‍സമയ ഡിജിറ്റല്‍ അക്കൗണ്ട് തുടങ്ങാനാണ് ഇതു സഹായിക്കുക. എല്ലാ ദിവസവും മുഴുവന്‍ സമയവും ബാങ്കിങ് സൗകര്യവും ഇതു വഴി ലഭിക്കും. പ്രാഥമിക വ്യക്തിഗത റൂപെ എടിഎം ഡെബിറ്റ് കാര്‍ഡും ഇതോടൊപ്പം ലഭിക്കും.

യോനോ ആപ്പ് ഡൗണ്‍ലോഡു ചെയ്ത് പാന്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കുകയും ഒടിപി രേഖപ്പെടുത്തുകയും ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി ഈ അക്കൗണ്ട് ആരംഭിക്കാം. തല്‍സമയം അക്കൗണ്ട് ഓപണ്‍ ചെയ്യുകയും ഉടനെ തന്നെ ഇടപാട് ആരംഭിക്കുകയും ചെയ്യാം. ഒരു വര്‍ഷത്തിനുള്ളില്‍ അടുത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിച്ച് പൂര്‍ണ കെവൈസിയിലേക്ക് ഈ അക്കൗണ്ട് അപ്‌ഗ്രേഡു ചെയ്യാനും ഉപഭോക്താക്കള്‍ക്കാകും.

കോവിഡ് 19-ന്റെ ഈ പശ്ചാത്തലത്തില്‍ എസ്ബിഐ ഇന്‍സ്റ്റാ സേവിങ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് വളരെ സൗകര്യപ്രദമായിരിക്കുമെന്നും ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ വീട്ടിലിരുന്നു കൊണ്ടു തന്നെ അവര്‍ക്ക് സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാനാവും, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യോനോയ്ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചിട്ടുള്ളത്. യോനോ ഗ്ലോബല്‍ യുകെയിലും മൗറീഷ്യസിലും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button