മൂന്നാര്‍: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറാന്‍ ഒത്താശ നല്‍കിയ നാല് ഉദ്യോഗസ്‌ഥര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടി. വ്യാജ രേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ കൂട്ടുനിന്നതിനാണ് നടപടി. മൂന്നാര്‍ കെ.ഡി.എച്ച്. വില്ലേജിന്റെ പരിധിയില്‍ വരുന്ന ഭൂമിക്ക് വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് കൈയേറ്റം നടത്തിയതെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കണ്ണന്‍ദേവന്‍ വില്ലേജിലെ സെക്ഷന്‍ ഓഫീസര്‍ പ്രീത പി, വില്ലേജ് ഫീല്‍ഡ് അസിസ്‌റ്റന്റ് ആര്‍. സ്‌റ്റീഫന്‍, കുമാരമംഗലം വില്ലേജ് ഓഫീസര്‍ ഇ.പി. ജോര്‍ജ്, കലക്‌ടറേറ്റിലെ ഓഫീസ് അറ്റന്റ് ആര്‍. ഗോപകുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ സനില്‍കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഭവന പദ്ധതികളുടെ മറവിലാണ് ഭൂമിയുടെ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്.
ദേവികുളം തഹസില്‍ദാര്‍ ജിജി. എം. കുന്നപ്പിള്ളിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ജില്ലാ കലക്‌ടറാണ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി ഉത്തരവിട്ടത്. മുമ്പ് ദേവികുളത്തു ജോലി ചെയ്‌തിരുന്നവരും നിലവില്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷനിലായത്. കണ്ണന്‍ദേവന്‍ വില്ലേജിലെ ഭൂരേഖകളിലാണ് ഉദ്യോഗസ്‌ഥര്‍ ക്രമക്കേടുകള്‍ നടത്തിയത്.
തട്ടിയെടുക്കാന്‍ ശ്രമിച്ച ഭൂമിക്ക് ലക്ഷങ്ങള്‍ വിലവരുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments