ശ്രീനഗര്‍/ന്യൂഡല്‍ഹി: നൂറുകോടി രൂപ വിലവരുന്ന ഹെറോയിനുമായി മൂന്നു ലഷ്‌കറെ തോയ്‌ബ ഭീകരര്‍ ജമ്മു കശ്‌മീരിലെ ഹന്ദ്‌വാരയില്‍ പിടിയില്‍. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്-ഭീകരസംഘത്തെയാണു പിടികൂടിയതെന്നു പോലീസ് അറിയിച്ചു. 21 കിലോ ഹെറോയിനും 1.34 കോടി രൂപയും ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്തു.
1.34 കോടി രൂപയ്‌ക്കു പുറമേ നോട്ടെണ്ണാനുള്ള യന്ത്രവും സംഘത്തില്‍നിന്നു പിടിച്ചെടുത്തു. അറസ്‌റ്റിലായ മൂന്നുപേരും പാകിസ്‌താനിലുള്ളവരുമായി സമ്പര്‍ക്കത്തിലായിരുന്നെന്നു ഹന്ദ്‌വാര എസ്.പി: ജി.വി. സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു. ഹന്ദ്വാരയില്‍ ഇവര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം പ്രദേശം വളഞ്ഞ് ഭീകരരെ പിടികൂടുകയായിരുന്നു.
കുപ്രസിദ്ധ മയക്കു മരുന്ന് കള്ളക്കടത്തുകാരനായ ഇഫ്തിഖര്‍ ഇന്ദ്രാബി, മോമിന്‍ പീര്‍, ഇക്ബാള്‍ ഉല്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.ഭീകരരും കള്ളക്കടത്തുകാരും ദേശവിരുദ്ധ പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പോലീസ് പറഞ്ഞു.
Post Your Comments