ഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വൈറസ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്.ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനം അതേപടി അനുസരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍. രാഷ്ട്രീയം കളിക്കാനോ വിസമ്മതിക്കാനോ ഉള്ള സമയമല്ല ഇതെന്നും ഇപ്പോള്‍ മനുഷ്യ ജീവനാണ് വലുതെന്നും കെജ്‌രിവാള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിക്കാര്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയുള്ളൂവെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് ഗവര്‍ണര്‍ അപ്പാടെ തള്ളുകയും എല്ലാവര്‍ക്കും ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.രോഗികളെ ചികിത്സിക്കാന്‍ പരിമിതമായ ബെഡ് സൗകര്യം മാത്രമേ ഉള്ളൂവെന്നും ഇത് ഡല്‍ഹിക്കാര്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നുമാണ് കെജരിവാള്‍ നിലപാട് എടുത്തത്.
ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വിഷയത്തില്‍ ഇടപെടുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തത്.കോവിഡ് 19 രോഗബാധ ഇരട്ടിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ പതിനഞ്ചോടെ 44,000 കേസുകളും ജൂണ്‍ മുപ്പതോടെ ഒരുലക്ഷം കേസുകളുമാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജൂലൈ 31ഓടെ ഡല്‍ഹിയില്‍ മാത്രം 5.5 ലക്ഷം കോവിഡ് രോഗബാധിതര്‍ ഉണ്ടാകുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments