മുംബൈ : മേൽജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു. പൂണെയിലെ പിമ്പിൾ സൗദാഗറിലാണ് സംഭവം. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് (20) ആണ് കൊല്ലപ്പെട്ടത്.
ജൂണ്‍ 7 രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനില്‍ എത്തിയ 6 പേര്‍ പിന്തുടരുകയായിരുന്നു. വാന്‍ ബൈക്കില്‍ ഇടിപ്പിച്ച് യുവാവിനെ വീഴ്ത്തി. പ്രതികളില്‍ ഒരാള്‍ ലോഹക്കഷണം ഉപോയോഗിച്ച് ജഗ്താപിനെ ഇടിച്ചു. മറ്റൊരാള്‍ പാറക്കഷണം ഉപയോഗിച്ചും ആക്രമിച്ചു. മറ്റു പ്രതികള്‍ യുവാവിന്റെ കയ്യും കാലും കെട്ടി അക്രമത്തിന് സാഹചര്യമൊരുക്കിക്കൊടുത്തു. പ്രതികള്‍ യുവാവിനെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. ആക്രമണത്തിന് ശേഷം യുവാവിനെ വഴിവക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതുവഴി വന്ന നാട്ടുകാർ ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ വിരാജ് മരണപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് വിരാജിന്റെ അമ്മാവന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പിന്നാലെ പെൺകുട്ടിയുടെ പിതാവ് ജഹ്ദീഷ് കാട്ടെ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കളും ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കൂടുതല്‍ അറസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാമെന്നും പക്ഷപാതമില്ലാത്ത അന്വേഷണം നടത്തുമെന്നും പ്രതികളില്‍ ഒരാള്‍ക്കുപോലും രക്ഷപ്പെടാന്‍ ആവില്ലെന്നും പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
Post Your Comments