ബീജിംഗ്: ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ. ചൈനീസ് പ്രസിദ്ധീകരണമായ ദപേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷി ലേഖനമെഴുതിയിരിക്കുന്നത്. ദുർഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതാണെന്നാണ് ഗുവോഷി ലേഖനത്തിൽ പറയുന്നത്.
പീഠഭൂമികളിലും മലനിരകളിലും പരിചയമുള്ള ഏറ്റവും വലിയ സൈന്യം അമേരിക്കയുടേതോ റഷ്യയുടേതോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തിന്റേതോ അല്ല. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യത്തിൽ ഏറ്റവും മികച്ചതും പരിശീലനം സിദ്ധിച്ചതും. ഇന്ത്യയുടെ മൗണ്ടൻ ബ്രിഗേഡിനെക്കുറിച്ചാണ് ഗുവോഷിയുടെ പരാമർശം.
വിദഗ്ദ്ധരായ പർവ്വതാരോഹകരെ ഇന്ത്യ സൈന്യത്തിൽ ചേർത്തിട്ടുണ്ട്. അൻപതിനായിരം വരുന്ന സ്ട്രൈക്ക് ഫോഴ്സുമുണ്ട് ഇന്ത്യക്ക്. ഗുവോഷി ചൂണ്ടിക്കാട്ടുന്നു.12 ഡിവിഷനുകളിലായി രണ്ട് ലക്ഷം സൈനികരുള്ള ഇന്ത്യയാണ് പർവ്വത യുദ്ധത്തിൽ ലോകത്തെ ഏറ്റവും വലുതും ശക്തവും. ഗുവോഷി പറയുന്നു.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധംഭൂമിയായ സിയാച്ചിനിൽ ഇന്ത്യൻ സൈന്യം കാവൽ നിൽക്കുന്നു. 6749 മീറ്റർ മുകളിലാണ് അതിലെ എറ്റവും ഉയർത്തിലുള്ള പോസ്റ്റ്. ഇത്തരം യുദ്ധഭൂമികളിൽ ഒരു സൈനികന് തണുപ്പിൽ നിന്ന് മാത്രമല്ല പൾമണറി എഡിമ പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷ തേടേണ്ടതുണ്ട്. ഇത്തരം പ്രതികൂല കാലാവസ്ഥകളെയെല്ലാം നേരിട്ട് പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈന്യമെന്ന് ഗുവോഷി പറയുന്നു. അമേരിക്കയിൽ നിന്ന് വാങ്ങിയ എം 77 ഹവിറ്റ്സറും അപ്പാഷെ ഹെലികോപ്ടറും ഇന്ത്യൻ കരസേനയ്ക്കുണ്ടെന്നത് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Post Your Comments