KeralaLatest NewsNews

തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും നാലു മണിക്കൂറില്‍ കാസര്‍ഗോഡും എത്തിച്ചേരാം: സില്‍വര്‍ ലൈനിന്റെ പുതിയ അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം • തിരുവനന്തപുരം-കാസര്‍ഗോഡ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന് കെ-റെയിലിന് നിര്‍ദേശം നല്‍കി.

വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെ.ഐ.സി.എ, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി, എ.ഐ.ഐ.ബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ കെ-റെയിലിന് അനുവാദം നല്‍കി.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 531 കി.മീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കുക. മണിക്കൂറില്‍ 180 മുതല്‍ 200 കി.മീറ്റര്‍ വരെ വേഗത്തില്‍ ട്രെയിനുകള്‍ സഞ്ചരിക്കും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും നാലു മണിക്കൂറില്‍ കാസര്‍കോടും എത്തിച്ചേരാം. ഒമ്പതു ബോഗികളിലായി 645 പേര്‍ക്ക് യാത്ര ചെയ്യാം. ബിസിനസ്സ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ടുതരം ക്ലാസുകള്‍ ഉണ്ടാകും. 2025 ഓടെ പദ്ധതി പൂര്‍ത്തിയാകും. കൊച്ചി എയര്‍പ്പോര്‍ട്ട് ഉള്‍പ്പെടെ 11 സ്റ്റേഷനുകള്‍ ഉണ്ടാകും.

സഹകരണ വകുപ്പ് നടപ്പാക്കിവരുന്ന കെയര്‍ഹോം പദ്ധതിയുടെ രണ്ടാംഘട്ട മാര്‍ഗരേഖ അംഗീകരിച്ചു.

ആറാട്ടുപുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കാട്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ പുറംകടലിലെ പുലിമുട്ടുകള്‍ (groynse) നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു.

2020-ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓര്‍ഡിനന്‍സിന്‍റെ കരട് വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍റെ അധിക ചുമതല നല്‍കും.

സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ അധിക ചുമതല കൂടി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button