ഹൈദരാബാദ് : പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഇന്ന് മുതൽ ജൂലൈ അഞ്ച് വരെയായിരുന്നു നേരത്തെ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ രജിസ്ട്രേഷനും പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച പരീക്ഷയില്ല എന്ന കാര്യം പ്രഖ്യാപിച്ചത്.
ഇന്റേണൽ അസെസ്മെന്റിൽ ലഭിച്ച ഗ്രേഡുകൾ കണക്കാക്കി വിജയിപ്പിക്കാനാണ് തീരുമാനം. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 5.34 ലക്ഷം വിദ്യാർത്ഥികൾ ഇത്തവണ പത്താം ക്ലാസിൽ നിന്ന് വിജയിക്കും. ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
അതേസമയം, ബിരുദ – ബിരുദാനന്തര പരീക്ഷയുടെ കാര്യം വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ, ജിഎച്ച്എംസി പരിധിയിൽ ഒഴികെ പരീക്ഷ നടത്താമെന്ന് സംസ്ഥാന ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ തീരുമാനം.
Post Your Comments