Latest NewsKeralaNews

ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം; പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍

ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്ത് കോവിഡ് വീഴ്ചയില്‍ നിന്നും തടിതപ്പാനുള്ള ശ്രമമാണോ

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിപിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് മുരളീധരന്‍ വിമർശനവുമായി എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ക്വാറന്റീന്‍ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്ത് കോവിഡ് വീഴ്ചയില്‍ നിന്നും തടിതപ്പാനുള്ള ശ്രമമാണോ എന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അന്തസ്സും മാന്യതയും താങ്കള്‍ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം.’ അദ്ദേഹം കുറിച്ചു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ശ്രീ പിണറായി വിജയന്‍, ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണ സമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള താങ്കളുടെ നിലപാട് ദുരുദ്ദേശ്യപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.

കോവിഡ് രോഗം നാള്‍ക്കുനാള്‍ കേരളത്തില്‍ കൂടുകയാണ്. സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലും താങ്കളുടെ സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്ബിളക്കി, ഒടുവില്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിന്‍ തുമ്ബത്തുനിന്നുതന്നെ പുറത്തുവന്നു. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരാണ്, താങ്കളുടെ സര്‍ക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.

രാജ്യമാകമാനമുള്ള പൊതു മാനദണ്ഡമാണ് കേന്ദ്ര സര്‍ക്കാരിറക്കുന്നത്. ഇക്കാര്യത്തില്‍ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. താങ്കളുടെ ഭരണകൂടത്തിന്റെ ചുമതലയാണത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ക്വാറന്റീന്‍ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ല? 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ വേണമെന്ന മാനദണ്ഡത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ത്തത് ആരും തിരിച്ചറിയില്ല എന്ന് കരുതരുത്.

കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനഃപൂര്‍വം വ്രണപ്പെടുത്താനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങള്‍ തുറക്കേണ്ടന്ന് ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കള്‍ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വച്ചല്ല, ഇവിടെവീഴുന്ന കാണിക്കയില്‍ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടൊന്നേ പറയാനുള്ളൂ… ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം.

കേരളത്തിലെ ഇടതുസര്‍ക്കാര്‍ വിശ്വാസികള്‍ക്കെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കള്‍ മനസില്‍ വിചാരിക്കുംമുമ്ബു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അന്തസ്സും മാന്യതയും താങ്കള്‍ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം !

shortlink

Related Articles

Post Your Comments

Related Articles


Back to top button