സൈബര്‍ ലോകത്തെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും വിനോദത്തിനും ബോധവത്കരണത്തിനുമായി കേരള പൊലീസും എത്തിയിരിക്കുയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുന്ന റോസ്റ്റിംഗ് വീഡിയോയുമായിട്ടാണ് കേരള പൊലീസ് എത്തിയിരിക്കുന്നത്. പി സി കുട്ടന്‍പിള്ള സ്പീക്കിംഗ് എന്ന പേരിലാണ് സോഷ്യല്‍മീഡിയയെ റോസ്റ്റ് ചെയ്തു കൊണ്ട് പൊലീസും രംഗത്തെത്തിയിരിക്കുന്നത്. കേരള പൊലീസിന്റെ യൂട്യൂബ് ചാനലിലാണ് ഏഴ് മിനിറ്റ് നീളുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടികാണിക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പണി വരുന്നുണ്ടവറാച്ചാ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ടിക് ടോക്കിലൂടെ പ്രശസ്തനായ ഫുക്രുവിന്റെ വീഡിയോയാണ് പൊലീസും റോസ്റ്റിങ്ങിനായി ആദ്യം തെരഞ്ഞെടുത്തത്. അതോടൊപ്പം തന്നെ പല രസകരമായ വീഡിയോകളും പങ്കുവെച്ചു.
സോഷ്യല്‍മീഡിയ സെല്‍ നോഡല്‍ ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ ആശയത്തില്‍ അരുണ്‍ ബിടിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബിമല്‍ വിഎസ് ആണ് എഡിറ്റിങും ഗ്രാഫിക്‌സും നിര്‍വഹിച്ചിരിക്കുന്നത്. ജിബിന്‍ ഗോപിനാഥാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജിത് കുമാര്‍, സന്തോഷ് സരസ്വതി അസിസ്റ്റന്റ് ഡയറക്ടറായും ശിവകുമാര്‍, അഖില്‍ പി എന്നിവര്‍ പ്രൊഡക്ഷന്‍ ടീമായും ഇതിലെ ഭാഗമായിരിക്കുന്നു.
Post Your Comments