തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രോഗ വ്യാപനത്തിന്റെ തോത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരക്ക് പിടിച്ച് ക്ഷേത്രങ്ങള്‍ തുറക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് അന്തിത്തിരി കത്തിക്കാന്‍ പോലും വകയില്ലാത്ത ക്ഷേത്രങ്ങളെ സഹായിക്കാനാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിസന്ധിക്കാലത്ത് കേരളത്തില്‍ ആയിരക്കണക്തിന് ക്ഷേത്രങ്ങള്‍ക്കാണ് വരുമാനം നിലച്ചത്. ഇവിടങ്ങളിലെ ജീവനക്കാര്‍ പട്ടിണിയിലാണ്. എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. വരുമാനം നിലച്ച ക്ഷേത്രങ്ങള്‍ക്കും അവിടത്തെ ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കുമുന്നില്‍ അടഞ്ഞു കിടക്കുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ, രോഗ പ്രതിരോധത്തിന് സാമൂഹ്യാകലം പാലിക്കേണ്ടത് അനിവാര്യമായതിനാല്‍ അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളുമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങള്‍ വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഹൈന്ദവ നേതാക്കളുടെ യോഗം വിളിച്ചെങ്കിലും ക്ഷേത്രസംരക്ഷണ സിമിതി പോലെയുള്ള പ്രധാനപ്പെട്ട സംഘടനകളെ ഒഴിവാക്കി. മറ്റ് പല സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചതുമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചും പങ്കാളിത്തം ഉറപ്പാക്കിയും സംസ്ഥാനത്തെ വിവിധ ഹിന്ദു സംഘടനാ നേതാക്കളുടെയും ആചാര്യ ശ്രേഷ്ഠരുടേയും യോഗം അടിയന്തരമായി മുഖ്യമന്ത്രി വിളിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
രോഗ വ്യാപനം ഇപ്പോള്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധിഘട്ടത്തെ നമ്മള്‍ തരണം ചെയ്തിട്ടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും വലിയതോതില്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിരിക്കുന്നു. ഇത് ഗുരുതരാവസ്ഥയിലേക്കെത്തിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ ഗുരുതരാവസ്ഥയിലായിക്കഴിഞ്ഞതിനാല്‍ ഇനിയെന്തുമാകട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്. സാമൂഹ്യാകലം പാലിക്കേണ്ട മേഖലകളിലൊന്നും അത്തരം നിയന്ത്രണങ്ങളില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നു. ജനങ്ങളെല്ലാവരും അവരവരുടെ നിത്യജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റയിന്‍ സംവിധാനങ്ങള്‍ പോലും വേണ്ടെന്ന് വച്ചിരിക്കുന്നു. രോഗ വ്യാപനം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് പിടിവിട്ട് പോയെന്ന നിലയാണിപ്പോഴുള്ളത്. പ്രതിരോധ സംവിധാനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പിന്നാക്കം പോകുന്ന സ്ഥിതിയെത്തിരിക്കുന്നു. കേരളം ഇതുവരെ ഒരുക്കിയിരുന്ന സംവിധാനങ്ങളൊന്നും രോഗവ്യാപനത്തിന്റെ ഇനിയുള്ള അവസ്ഥയെ നേരിടുന്നതിന് പര്യാപ്തമല്ലെന്ന് സര്‍ക്കാരും തിരിച്ചറിഞ്ഞു.
നിയന്ത്രണങ്ങള്‍ അപ്പാടെ എടുത്തുകളയുന്നത് ഇതുവരെ നമ്മള്‍ നേടിയെന്ന് അവകാശപ്പെടുന്ന രോഗപ്രതിരോധത്തെയാകെ ഇല്ലാതാക്കാനെ ഉപകരിക്കൂ. ഭീതിതമായ ഈ സ്ഥിതി നേരിടാന്‍ നിയന്ത്രണങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. രോഗം നമ്മെ വിട്ടുപോയെന്ന് പറയാറാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന വിദഗ്തഭിപ്രായം സര്‍ക്കാര്‍ മാനിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments