ന്യൂഡല്‍ഹി • കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,971 കോവിഡ് 19 കേസുകള്‍. ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. 287 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 2,46,628 ആയി. നിലവില്‍ 1,20,406 പേരാണ് ചികിത്സയിലുള്ളത്. 1,19,293 പേര്‍ക്ക് ഭേദപ്പെടുകയോ, ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തു. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 6,929 മരണങ്ങളും സംഭവിച്ചതായി ഞായറാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മെട്രോ നഗരങ്ങളില്‍ നിന്നാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നാല് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ നിന്ന് മാത്രം രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പകുതിയോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെട്രോ നഗരങ്ങൾക്ക് ഒപ്പം, അഹമ്മദാബാദ്, ഇൻഡോർ, പൂനെ എന്നീ നഗരങ്ങളും ചേര്‍ന്നാണ് സ്ഥിരീകരിച്ച കേസുകളിൽ 60 ശതമാനവും ഇന്ത്യയിലുടനീളമുള്ള മരണങ്ങളിൽ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തതെന്ന് വിവധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
കോവിഡ് ഏറ്റവും കൂടുതല്‍ നാശംവിതച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ശനിയാഴ്ച മുംബൈയിൽ 58 പേർ ഉൾപ്പെടെ 120 പേർ മരിച്ചു. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 2,969 ആയി. സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം ശനിയാഴ്ച 2,739 കൂടി വർദ്ധിച്ച് 82,968 ആയി.
ശനിയാഴ്ച, ഗുജറാത്തിൽ 498 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും, അഹമ്മദാബാദ് ജില്ലയിൽ 26 എണ്ണം ഉൾപ്പെടെ, 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 19,617 ഉം മരണങ്ങൾ 1,219 ഉം ആണ്.
ശനിയാഴ്ച, തമിഴ്നാട്ടില്‍ 1,498 പുതിയ കേസുകള്‍ കണ്ടെത്തി. 19 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 30,152 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 251 പേരാണ് മരിച്ചത്. വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ചെന്നൈയില്‍ മാത്രം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1,146 കേസുകളാണ്. ചെന്നൈയില്‍ മാത്രം 20,993 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ 197 ആയി ഉയർന്നു.
Post Your Comments