KeralaLatest NewsNews

പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും; സിനിമാ ഷൂട്ടിംഗ് തുടങ്ങണമെങ്കിൽ താരങ്ങൾ ചില കാര്യങ്ങൾ അംഗീകരിക്കണമെന്ന് സംഘടന

നിർമാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക അനുകൂല നിലപാട് സ്വീകരിച്ചിരുന്നു

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ ഇന്ന് കൊച്ചിയിൽ നിർണായക യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സിനിമ മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അതിനാൽ സിനിമ താരങ്ങൾ കുറഞ്ഞത് ഇരുപത്തിയഞ്ചു ശതമാനമെങ്കിലും അവരുടെ പ്രതിഫലം കുറക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.

നിർമാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പ്രധാന സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറക്കണമെന്ന് ഇവ‍ർ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിനു ശേഷം അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായും പ്രൊ‍‍‍ഡ്യൂസേഴ്സ് അസോസിയേഷൻ ഇക്കാര്യം ചർച്ച ചെയ്യും.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടൻമാര്‍ക്ക് 75 ലക്ഷത്തിന് മുകളിലും. ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്. കൊവിഡ് 19 ഏല്‍പ്പിച്ച ആഘാതം അത്ര വലുതാണെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

പ്രതിഫലം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് താര സംഘടന അമ്മയുടെ പ്രതികരണം. അതേസമയം ഇൻഡോര്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ ഇൻഡോര്‍, ഔട്ട്ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്‍ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ALSO READ: അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പിന്നീട് സംഭവിച്ചത്

എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്ന തീയതി സംബന്ധിച്ചും ചർച്ചകൾ നടക്കും. നിലവിൽ ഇൻഡോർ ഷൂട്ടിംഗിനാണ് അനുമതിയുള്ളത്. ഈ സാഹചര്യത്തിൽ എത്ര സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ കഴിയുമെന്ന കാര്യവും ചർച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button