തിരുവനന്തപുരം • മണ്ണാർക്കാട്ട് ആന ചരിഞ്ഞ സംഭവം കേരള പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കുമെന്നും കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയും ജില്ലാ ഫോറസ്റ്റ് ഓഫീസറും സ്ഥലം സന്ദർശിച്ചു.
കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിനാണ് ദേശീയ തലത്തിൽ നടക്കുകയാണ്. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് ആന ചരിഞ്ഞത്. കേരളത്തെയും മലപ്പുറത്തെയും അപകീർത്തിപ്പെടുത്താനാണ് ഈ വസ്തുവിരുദ്ധ കാമ്പയിനിലൂടെ ശ്രമിക്കുന്നത്.
മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും എല്ലാം ചേർന്ന പ്രകൃതിയുടെ സന്തുലിതാവസ്ത ഉറപ്പാക്കാൻ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ എന്തൊക്കെ ചെയ്യാമെന്ന് പരിശോധിക്കും. ഇതിന്റെ പേരിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ലഭിക്കുന്ന ഖ്യാതിയെ ഇല്ലാതാക്കാമെന്നും വിദ്വേഷം പരത്താമെന്നും ആരെങ്കിലും കരുതുന്നുവെങ്കിൽ അത് വ്യാമോഹമാണ് എന്നു മാത്രമാണ് സൂചിപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments