തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ് ജയകുമാര്‍ അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. സഹോദരനായ വി.എസ്.ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ബോര്‍ഡ് സെക്രട്ടറിയായിരുന്നു ജയകുമാര്‍.ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതി നടത്തി. ഓഡിറ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ രേഖകളും ഫയലുകളും നിശിപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വി.എസ്.ജയകുമാര്‍ ശബരിമല എക്സിക്യുട്ടീവ് ഓഫിസര്‍ ആയിരുന്നപ്പോഴും സെക്രട്ടറിയായിരുന്നപ്പോഴും നടന്ന അഴിമതിയെക്കുറിച്ചാണ് ബോര്‍ഡ് നിയോഗിച്ച കമ്മിഷന് അന്വേഷിച്ചത്. എട്ട് ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഏഴ് ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞു. 2013-14, 2014-15 വര്‍ഷങ്ങളില്‍ ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതി നടന്നു. പാത്രങ്ങള്‍ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വാങ്ങിയതായി വ്യാജരേഖകളുണ്ടാക്കി. വ്യാജബില്ലുകളുപയോഗിച്ച് അവിഹിത നേട്ടമുണ്ടാക്കുകയും ബോര്‍ഡിന് ഭീമമായ നഷ്ടമുണ്ടാക്കുകയും ചെയ്തു.
ഓഡിറ്റ് നടക്കുമ്പോള്‍ രേഖകള്‍ മറച്ചുവച്ചു. അഴിമതിക്ക് ആധാരമായ തെളിവുകള്‍ അടങ്ങിയ ഫയല്‍ നശിപ്പിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ കരാറുകാര്‍ക്ക് പണം നല്കി. അവിഹിതമായി ദേവസ്വം കമ്മിഷണര്‍ പദവി നേടിയെടുത്തെങ്കിലും ഹൈക്കോടതി അത് റദ്ദാക്കി. ഇതൊക്കെയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. അന്വേഷണത്തില്‍ സഹകരിക്കാതെ ജയകുമാറിന് അനുകൂല നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments