തിരുവനന്തപുരം•തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിച്ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ബിജെപി സർക്കാരിന്റെ കർഷക സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണെന്ന് കെപിസിസി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച നെയ്യാറ്റിന്‍കര താലൂക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിബന്ധനകളോടെയാണ് 6,000 രൂപയുടെ വാർഷിക ധനസഹായം ഒരു കർഷക കുടുംബത്തിന് അനുവദിക്കുന്നത്. തുച്ഛമായ 16 രൂപ മാത്രമാണ് ഒരു ദിവസം ഒരു കുടുംബത്തിന് ഈ പദ്ധതിമൂലം ലഭിക്കുന്നത്. വൈകിവന്ന ഈ തീരുമാനം കർഷകരെ കബളിപ്പിക്കാനും അപമാനിക്കുവാനുമാണെന്ന് ശിവകുമാർ പറഞ്ഞു. അധികാരത്തിൽക്കയറി നാലരവർഷക്കാലം പിന്നിടുമ്പോൾ പതിനായിരക്കണക്കിന് കർഷകർ ആത്മഹത്യചെയ്തു. അപ്പോഴൊന്നും കർഷകർക്കുവേണ്ടി ഒരു പദ്ധതിപോലും പ്രഖ്യാപിക്കാൻ മോദി സര്‍ക്കാര്‍ തയ്യാറായില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പരാജയം ഉണ്ടായപ്പോഴാണ് 6,000 രൂപയുടെ വാർഷിക പദ്ധതി പ്രഖ്യാപിക്കാൻ തയ്യാറായത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തി 24 മണിക്കൂറിനുള്ളിൽ കാർഷികവായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയത് കോൺഗ്രസ്സാണ്. കഴിഞ്ഞ യുപിഎ സർക്കാറിന്റെ കാലത്താണ് ഇന്ത്യയിലെ കർഷകരുടെ 77,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളിയത്. പ്രകടന പത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കി. എന്നാൽ വാഗ്ദാന പെരുമഴയുമായിവന്ന നരേന്ദ്രമോദി സർക്കാർ വാഗ്ദാനലംഘനങ്ങളാണ് നടത്തിയിരിക്കുന്നത്. കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും, കാർഷിക കടം എഴുതിത്തള്ളുമെന്ന കോൺഗ്രസ്സ് അധ്യക്ഷന്റെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കും.
സംസ്ഥാന സർക്കാരിന്റെ സ്ഥിതിയും വിഭിന്നമല്ല. കർഷകാത്മഹത്യ തുടർന്നുകൊണ്ടിരിക്കുന്നു. കാർഷിക മേഖലയിലെ തൊഴിൽ സ്തംഭനം, റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലയിടിവ് എന്നീ കാരണങ്ങളാല്‍ കേരളത്തിലെ കർഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.
കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കൾ അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കാസറഗോഡ് നിരപരാധികളായ രണ്ട് ചെറുപ്പക്കാരെ കൊലക്കത്തിക്കിരയാക്കിയത് കേരളജനതയെ ഞെട്ടിച്ചു. 1000 ദിനങ്ങൾ പിന്നിട്ട സർക്കാർ ജനങ്ങൾക്ക് നൽകിയത് ദുരിതങ്ങൾ മാത്രമാണെന്നും ഇതിനെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുമെന്നും ശിവകുമാര്‍ പറഞ്ഞു. യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്‍റ് അയിര സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സ്, ആര്‍.സെല്‍വരാജ് എക്സ്.എംഎല്‍എ, എ.റ്റി.ജോർജ് എക്സ്.എംഎല്‍എ, കോളിയൂർ ദിവാകരൻ നായർ, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ സോമന്‍കുട്ടി നായർ, വട്ടവിള വിജയൻ, ബാബുക്കുട്ടൻ നായർ, കക്കാട് രാമചന്ദ്രൻ, മഞ്ചവിളാകം ജയകുമാർ, പി.കെ.സാംദേവ്, ഷിനു, എം.ആര്‍.സൈമൺ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാർ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments