ചെന്നൈ: മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തമിഴ് നാട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആണ് നടപടി. സംസ്ഥാനത്തെ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും സ്പാകളിലുമെത്തുന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സലൂണില്‍ എത്തുന്ന ആളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി രജിസ്ടര്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മുടിവെട്ടാനെത്തുന്നവര്‍ക്കോ സലൂണിലെ ജീവനക്കാര്‍ക്കോ കൊവിഡ് സ്ഥിരീകരിച്ചാല്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള മുന്‍ കരുതല്‍ നടപടിയായാണ് തീരുമാനം.
ചെന്നൈ ഒഴികെയുള്ള ഇടങ്ങളില്‍ ഒരാഴ്ച മുമ്പേ തന്നെ സലൂണുകള്‍ തുറന്നിരുന്നു. ചെന്നൈയില്‍ തിങ്കളാഴ്ചയാണ് സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നത്. ലോക്ക്ഡൗണില്‍ കേന്ദ്രം ഇളവുകള്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് തമിഴ്നാട്ടില് സലൂണുകള്‍ തുറന്നത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിലേറെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്ട്ട് ചെയ്തത് തമിഴ്നാട്ടില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Post Your Comments