Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUAEIndia

കേരളത്തിൽ ഇരുന്ന് ഗൾഫിലെ വ്യാജ വാർത്ത നൽകി : ദൃശ്യങ്ങൾ ചിത്രീകരിച്ച ചാനല്‍ സംഘത്തെയും പ്രവാസി സംഘടന ഭാരവാഹികളെയും ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

വ്യാജ വാര്‍ത്ത കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറും സിപിഎം മുന്‍ എംഎല്‍എയുടെ മകനുമായ ഇയാളും അറസ്റ്റ് ഭീഷണിയിലാണ്.

തിരുവനന്തപുരം: കേരളത്തില്‍ ഇരുന്ന് ന്യൂസ് ചാനൽ റിപ്പോര്‍ട്ടര്‍ ദുബായിക്കെതിരെ വ്യാജവാര്‍ത്ത നല്‍കി.ദുബായില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ക്യാമറമാനെയും ഡ്രൈവറെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് പുണ്യമാസമായി കരുതുന്ന റംസാന്‍ മാസത്തില്‍ അബുദാബിയിലെ തെരുവോരത്ത് മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയില്‍ കിടന്നു എന്ന വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് അറസ്റ്റ്.സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയേറ്റേഴ്‌സ് ഭാരവാഹികളും അറസ്റ്റിലായതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഞ്ച് പേരാണ് അറസ്റ്റിലായത്.ശക്തി തീയറ്റേഴ്‌സ് മീഡിയ സെക്രട്ടറി ജസ്റ്റില്‍ തോമസ് , ശക്തി തീയറ്റേഴ്‌സ് പ്രസിഡന്റ് അന്‍സാരി, ഏഷ്യാനെറ് ന്യുസ് ക്യാമറാമാന്‍ സുജിത്ത് സുന്ദരേശന്‍, ഏഷ്യാനെറ് ന്യുസിലെ പ്രസാദ്, ടി വി യില്‍ പ്രതികരിച്ച തൊഴിലാളി എന്നിവരാണ് അറസ്റ്റിലായത്.ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ കുമാര്‍ കണ്ണൂര്‍ കരിവള്ളൂരിലെ വീട്ടിലിരുന്നാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത ചമച്ചത്. ഇതിനെതിരെ ദുബായിലെ മലയാളികള്‍ അടക്കമുള്ളവര്‍ രംഗത്തുവരുകയും സംഭവം ദുബായ് പോലീസിനെ അറിയിക്കുകയുമായിരുന്നു.

ശക്തി ഭാരവാഹികള്‍ ഒരാഴ്ച മുന്‍പ് അറസ്റ്റിലായപ്പോള്‍ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് എഷ്യാനെറ്റ് സംഘം ദുബായിലെ ഫ്‌ളാറ്റില്‍ വെച്ച്‌ അറസ്റ്റിലായത്.ദുബായ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ അബുദാബി പൊലീസിനു നാളെ കൈമാറും. വിസിറ്റിങ് വിസയില്‍ യുഎയില്‍ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തയാണ് വിവാദമായത്. സ്ഥിരമായി കടലില്‍ പോകുന്ന മീന്‍ പിടുത്ത തൊഴിലാളികള്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്നതാണ് ശക്തി തിയറ്റേഴ്സ് വ്യാജവാര്‍ത്തയാക്കി പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് വ്യാജവാര്‍ത്ത നല്‍കിയ എഷ്യാനെറ്റ് സംഘത്തെ ഫ്‌ളാറ്റില്‍കയറി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തി. ഇവരെ അബുദാബി പൊലീസിനു ഇന്ന് കൈമാറും.കൊറോണയില്‍ കുടുങ്ങി വഴിയാധാരമായവര്‍ എന്ന വ്യാഖ്യാനം ഇവര്‍ക്ക് വാര്‍ത്തയില്‍ നല്‍കിയതോടൊപ്പം ഒന്നരമാസം പട്ടിണിയില്‍ എന്നതും വിനയായി. ഒന്നരമാസമായി മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പട്ടിണിയിലാണ് എന്ന വാര്‍ത്തയിലെ പരാമര്‍ശമാണ് അബുദാബി അധികൃതരെ ചൊടിപ്പിച്ചത്.

ഒന്നരമാസം എന്നത് നോമ്പ് കാലമാണ്. എല്ലാവരും നോമ്ബ് എടുക്കുകയും പട്ടിണിയില്‍ അകപ്പെടാതിരിക്കുകയും ചെയ്യേണ്ട സമയം. ഈ വാര്‍ത്തയുടെ അറബിക് ട്രാന്‍സിലേഷന്‍ അബുദാബി അധികൃതര്‍ക്ക് ലഭിച്ചതായാണ് സൂചന. ഈ സുപ്രധാന സമയത്ത് അബുദാബി നഗരമധ്യത്തില്‍ പ്രവാസികള്‍ പട്ടിണിയില്‍ എന്ന വാര്‍ത്ത അധികൃതര്‍ക്ക് ക്ഷീണമായി. സിപിഎം പ്രവാസി ഭാരവാഹികളും എഷ്യാനെറ്റ് ന്യൂസ് സംഘവും അറസ്റ്റിലായത് കേരള ഭരണ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.വാര്‍ത്ത കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറും അറസ്റ്റ് ഭീഷണിയിലാണ്.

. അറസ്റ്റ് വിവരം അറിഞ്ഞു ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്ര ശേഖര്‍ എം പി ഇടപെട്ടു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദത്തിനു ശ്രമിക്കുന്നുണ്ട്.എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപോർട്ടറുടെ സമീപകാല വാര്‍ത്തകള്‍ കേന്ദ്രവിദേശ കാര്യാ സഹമന്ത്രി വി മുരളീധരനില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇരുന്നുകൊണ്ട് ഒരു ടി വി റിപ്പോര്‍ട്ടര്‍ ഗള്‍ഫിലെ വിവരങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു എന്ന് വി.മുരളീധരന്‍ ഫെയ്സ് ബുക്ക് ലൈവില്‍ പ്രതികരിച്ചത് കണ്ണൂരുള്ള ഈ റിപ്പോർട്ടറിന് എതിരായിരുന്നു. ഇത് രാജീവ് ചന്ദ്രശേഖര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാകുന്നുണ്ട്.

വ്യാജ വാര്‍ത്ത കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറും സിപിഎം മുന്‍ എംഎല്‍എയുടെ മകനുമായ ഇയാളും അറസ്റ്റ് ഭീഷണിയിലാണ്. ഇയാൾ ദുബായില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യും. ഇദ്ദേഹമാണ് ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കിയത്. ഇതും ഗള്‍ഫ് എന്ന് തെറ്റിദ്ധരിപ്പിച്ച്‌ കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂരിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് .നേരത്തെ ഖത്തര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്നുള്ള വ്യാജവാര്‍ത്ത പിറന്നതും കരിവെള്ളൂരില്‍ നിന്നാണ്.

സങ്കേതിക പ്രശ്നങ്ങള്‍ക്കൊണ്ടാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ എംബസിയോടു പോലും ചോദിക്കാതെ ഇയാള്‍ വ്യാജവാര്‍ത്ത പടച്ചുവിടുകയായിരുന്നു. വന്ദേഭാരത് മിഷന്‍ വഴി സൗജന്യ ടിക്കറ്റ് ലഭിക്കുമെന്ന തോന്നല്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ വഴിയോരത്തെ പ്രവാസികള്‍ക്കും പ്രേരണയായി. കൊറോണയില്‍ വലിയ സേവനങ്ങള്‍ ചെയ്യുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം പ്രവാസി സംഘടന ഒരുക്കിയ തിരക്കഥ വലിയ നിയമ കുരുക്കായി മാറിയിരിക്കുകയാണ്.

അതോടൊപ്പം ഗള്‍ഫിലെ മലയാളി സംഘടനകള്‍ തമ്മിലുള്ള വടംവലി എല്ലാ സീമകളും ലംഘിച്ച്‌ മുന്നോട്ടു പോവുകയാണ് എന്ന സൂചനകളും സംഭവം നല്‍കുന്നു. മുന്‍പുള്ള ഒരു തലമുറയ്ക്ക് അപരിചിതമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ മലയാളികള്‍ പലവിധ കാരണങ്ങളാല്‍ അസ്വസ്ഥരായാണ് ഗള്‍ഫില്‍ തുടരുന്നത്. അതിനിടയ്ക്കാണ് വിനാശകരമായി കൊറോണ കൂടി എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button