KeralaLatest NewsNews

മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഴ്ച പറ്റിയോ? വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ് തല വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വിശദമായി അന്വേഷിച്ച് ശക്തമായ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. കേസിന്റെ തുടരന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും.

ദേവികയുടെ ആത്മഹത്യക്ക് കാരണം ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ലഭിക്കാത്ത വിഷമമാണെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയമായും വിവാദമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ഡിഡിഇയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിലാണ് വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വകുപ്പ് തല വീഴ്ച സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നത്.

വിദ്യാർഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ അസൗകര്യങ്ങൾ സംബന്ധിച്ച കുറവുകൾ നികത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥിനിയുടെ മരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കേസിന്റെ തുടരന്വേഷണത്തിന് പുതിയ സംഘത്തെ ഉടൻ പ്രഖ്യാപിക്കും. ഡിവൈഎസ്പി തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ കീഴിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ സൗകര്യങ്ങൾ ഒരുങ്ങുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികൾ സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button